Home » Blog » kerala Max » ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീം അവതരിപ്പിച്ച്  ഫെഡറൽ ബാങ്ക്
21
കൊച്ചി: ആസ്തികളിൽനിന്നുള്ള ലാഭം സുരക്ഷിത നിക്ഷേപമാക്കാനുള്ള ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട്  ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ആസ്തികളുടെ വിൽപനയിലൂടെയോ കൈമാറ്റത്തിലൂടെയോ ലഭിക്കുന്ന തുക നിക്ഷേപിക്കാവുന്ന അക്കൗണ്ടാണിത്.  ഘട്ടംഘട്ടമായി തുക പിൻവലിക്കാവുന്ന സേവിങ്സ് അക്കൗണ്ട്  (ടൈപ്പ് എ) ആയും കാലാവധിക്ക് ശേഷം പിൻവലിക്കാവുന്ന ഡിപ്പോസിറ്റ് അക്കൗണ്ട് (ടൈപ്പ് ബി) ആയും ഇടപാടുകാർക്ക് നിക്ഷേപിക്കാം. നിക്ഷേപകർക്ക് ആദായ നികുതിയിലെ നിയമാനുസൃത ഇളവുകൾ ലഭ്യമാണ്.
ഇടപാടുകാർക്ക് സൗകര്യപ്രദമായ നിക്ഷേപങ്ങൾ നടത്താൻ അവസരമൊരുക്കുകയാണ് സ്‌കീം അവതരിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ ജോയ് പി വി പറഞ്ഞു.  മറ്റു പദ്ധതികളിൽ നിക്ഷേപിക്കുന്നതു വരെ പലിശ നേടുന്നതിനൊപ്പം ആദായനികുതി വകുപ്പിന്റെ നിബന്ധനകൾക്കനുസൃതമായി ടാക്സ് ഇളവുകൾ നേടാനും പര്യാപ്തമാക്കുന്നതാണ്  ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 നവംബർ 19-ലെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം, ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീം നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഫെഡറൽ ബാങ്കിന് അനുമതി ലഭിച്ചിരുന്നു. 2026 മാർച്ച് 13 മുതലാണ് ഫെഡറൽ ബാങ്ക് പദ്ധതി പ്രാബല്യത്തിലാക്കിയത്.
വ്യക്തികൾ, അവിഭക്ത ഹിന്ദു കുടുംബങ്ങൾ (എച്ച് യു എഫ്), പ്രായപൂർത്തിയാകാത്തവർ, പ്രവാസികൾ എന്നിവർക്ക് സ്‌കീമിനു കീഴിൽ അക്കൗണ്ട് തുടങ്ങാം. നിലവിലുള്ളവർക്കു പുറമെ പുതിയ ഇടപാടുകാർക്കും പദ്ധതി ലഭ്യമാണ്.  ഗ്രാമീണ ശാഖകളൊഴികെയുള്ള  തങ്ങളുടെ എല്ലാ ശാഖകളിലും അക്കൗണ്ട് സ്‌കീം ലഭ്യമാണെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു.