തൃശൂർ: സ്ഥാനാർഥിത്വത്തെ ചൊല്ലി പിണങ്ങി സിപിഐ വിട്ട സി.സി. മുകുന്ദൻ എംഎൽഎ ബിജെപിയിലേക്ക്. സിപിഐ വിട്ടതോടെ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഇതോടെയാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ഇന്ന് ഉച്ചയോടെ തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കൾക്കൊപ്പമാണ് അദ്ദേഹം നമോ ഓഫീസിൽ എത്തിയത്. ഇതോടെ നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
നേരത്തെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുകുന്ദനെ സിപിഐ പുറത്താക്കുകയായിരുന്നു. നാട്ടികയിൽ ഗീതാ ഗോപിയെ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ, ഇതു പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മുകുന്ദൻ രംഗത്തെത്തിയിരുന്നു. അതേസമയം സിറ്റിങ് എംഎൽഎയായ സി.സി. മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിർപ്പ് നാട്ടിക, ചേർപ്പ് കമ്മിറ്റികൾ ഉന്നയിക്കുകയും തൃശൂർ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തതോടെയാണ് ഗീതാ ഗോപിയെ സിപിഐ തീരുമാനിച്ചത്.
ഇതിനിടെ കോൺഗ്രസ് സ്വതന്ത്രനായി മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും കോൺഗ്രസ് മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു വന്നതോടെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. തുടർന്ന് തൃശൂരിൽ നിന്നുള്ള സംസ്ഥാന നിർവാഹകസമിതി അംഗങ്ങൾ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയെ ഉറപ്പിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28,431 വോട്ടിനാണ് സി.സി.മുകുന്ദൻ കോൺഗ്രസിലെ സുനിൽ ലാലൂരിനെ തോൽപിച്ചത്. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 33,716 വോട്ടാണ്. സിപിഐ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിഞ്ഞാൽ വിജയിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
