തമിഴ് സൂപ്പർ താരം വിജയ്യുടെ വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. പിതാവുമായുള്ള വിയോജിപ്പുകൾ പരസ്യമാക്കി മകൻ ജെയ്സൺ സഞ്ജയ് തന്റെ പേരിൽ നിന്നും വിജയ് എന്ന ഭാഗം ഒഴിവാക്കിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ‘ജെയ്സൺ സഞ്ജയ് വി’ എന്നതിന് പകരം അമ്മ സംഗീതയുടെ പേരിന്റെ ആദ്യക്ഷരം ചേർത്ത് ‘ജെയ്സൺ സഞ്ജയ് എസ്’ എന്നാണ് താരം ഔദ്യോഗികമായി ഉപയോഗിക്കുന്നത്. തന്റെ ആദ്യ സംവിധാന സംരംഭമായ ‘സിഗ്മ’ (Sigma) എന്ന ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലും ഈ മാറ്റം ഉണ്ടാകുമെന്നാണ് സൂചന.
വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾക്കും നിയമപോരാട്ടങ്ങൾക്കും പിന്നാലെയാണ് മകന്റെ ഈ നിർണ്ണായക നീക്കം. താൻ അമ്മയ്ക്കൊപ്പമാണെന്ന വ്യക്തമായ നിലപാടാണ് ഇതിലൂടെ സഞ്ജയ് പ്രകടിപ്പിക്കുന്നത്. നേരത്തെ ഇൻസ്റ്റാഗ്രാമിൽ പിതാവിനെ അൺഫോളോ ചെയ്തതും വലിയ വാർത്തയായിരുന്നു. സംഗീത ഫയൽ ചെയ്ത വിവാഹമോചന ഹർജിയിൽ വിജയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നടൻ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന ഈ നിർണ്ണായക ഘട്ടത്തിൽ കുടുംബത്തിലുണ്ടാകുന്ന ഇത്തരം പ്രതിസന്ധികൾ ആരാധകർക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
