തൃശ്ശൂർ: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിനെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാക്കൾ. മുഖ്യമന്ത്രി വി. ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ പുതിയ നയങ്ങളോ വ്യക്തമായ വികസന കാഴ്ചപ്പാടോ ഇല്ലെന്നാണ് ബിജെപി ആരോപണം. ബജറ്റിനെ വിമർശിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി. ബി. ഗോപകുമാർ പറഞ്ഞു. മുഖ്യമന്ത്രി മാറിയെന്നല്ലാതെ സർക്കാരിന്റെ നയങ്ങളിൽ യാതൊരു മാറ്റവും ബജറ്റിൽ പ്രകടമല്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബജറ്റിലെ പ്രഖ്യാപനങ്ങൾ യാഥാർഥ്യത്തേക്കാൾ വാഗ്ദാനങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ബജറ്റിനെ “വട്ടപ്പൂജ്യം” എന്ന് വിശേഷിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ബജറ്റ് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗം യാഥാർഥ്യബോധമില്ലാത്ത രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നുവെന്നും, യുഡിഎഫ് മുമ്പ് ഉന്നയിച്ച പല നിലപാടുകളും ഇപ്പോൾ വിസ്മരിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക സമീപനങ്ങളിൽ നിന്ന് കാര്യമായ വ്യത്യാസം ബജറ്റിൽ കാണാനായില്ലെന്നും കൃഷ്ണദാസ് വിമർശിച്ചു.
ബിജെപി നേതാവ് എം. ടി. രമേശും ബജറ്റിനെതിരെ രംഗത്തെത്തി. ജനങ്ങളെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾ നിറഞ്ഞതാണെങ്കിലും പ്രായോഗികമായ പരിഹാരങ്ങൾ ബജറ്റിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.“ജനങ്ങളെ പറ്റിക്കുന്ന കണ്ണുകെട്ട് സർക്കസാണ് ബജറ്റ്. യാഥാർഥ്യബോധമില്ലാത്ത ഒരു പ്രസംഗം മാത്രമാണ് നടന്നത്. പ്രസംഗ മത്സരമുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് സമ്മാനം നൽകാമായിരുന്നു,” എന്നായിരുന്നു എം. ടി. രമേശിന്റെ പരിഹാസം.
സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലകളിലെ വെല്ലുവിളികൾക്ക് വ്യക്തമായ പരിഹാരങ്ങൾ മുന്നോട്ടുവെക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടുവെന്നാണ് ബിജെപിയുടെ ആക്ഷേപം. അതേസമയം, ബജറ്റിനെ അനുകൂലിച്ചും വിമർശിച്ചും വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ബജറ്റ് ചർച്ചകൾ സജീവമായിരിക്കുകയാണ്.
