Home » Blog » kerala Mex » ആ മത്സരങ്ങളിൽ റുതുരാജിന് സഞ്ജുവിന്റെ സാന്നിധ്യം കരുത്താകും: ഇർഫാൻ പത്താൻ
sanju-2-680x450

ലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയത് നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന് വലിയ ആശ്വാസമാകുമെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഐപിഎല്ലിൽ ചെന്നൈയും രാജസ്ഥാനും നേർക്കുനേർ വരുന്ന ആദ്യ മത്സരത്തിന് മുന്നോടിയായാണ് പത്താന്റെ നിരീക്ഷണം. ദീർഘകാലം നയിച്ച രാജസ്ഥാൻ റോയൽസിനെക്കുറിച്ച് സഞ്ജുവിനുള്ള ആഴത്തിലുള്ള അറിവ് ചെന്നൈയ്ക്ക് വലിയ തന്ത്രപരമായ മുൻതൂക്കം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജസ്ഥാനിലെ ഓരോ താരത്തിന്റെയും കരുത്തും ദൗർബല്യവും സഞ്ജുവിന് വ്യക്തമായി അറിയാമെന്ന് പത്താൻ ചൂണ്ടിക്കാട്ടി. പവർപ്ലേയിലെ അവരുടെ സമീപനവും ബൗളർമാരുടെ രീതികളും മനസ്സിലാക്കി തന്ത്രങ്ങൾ മെനയാൻ സഞ്ജുവിന്റെ സാന്നിധ്യം റുതുരാജിനെ സഹായിക്കും. രാജസ്ഥാനിലെ യുവതാരങ്ങളെ വളർത്തിയെടുത്തതിൽ വലിയ പങ്കുവഹിച്ച സഞ്ജുവിൽ നിന്ന് ലഭിക്കുന്ന ‘ഇൻസൈഡ് ഇൻഫോ’ ചെന്നൈയ്ക്ക് ഗുണം ചെയ്യുമെന്നും എം.എസ്. ധോണിയുടെയും സഞ്ജുവിന്റെയും പിന്തുണ റുതുരാജിനെ കൂടുതൽ ശക്തനാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് സഞ്ജുവിന്റെ ചെന്നൈയിലേക്കുള്ള വരവ്. മാർച്ച് 30-ന് ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ തന്റെ മുൻ ടീമായ രാജസ്ഥാനെതിരെ തന്നെയാണ് സഞ്ജു ചെന്നൈ ജേഴ്‌സിയിൽ അരങ്ങേറുന്നത്. ഇതേസമയം തന്നെ ചെന്നൈ വിട്ട് രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജയും തന്റെ മുൻ ടീമിനെതിരെ കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.