നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ എസ്‌ഐടി രംഗത്ത്. ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ എസ്‌ഐടി അപ്പീല്‍ നല്‍കി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണസംഘം അപ്പീല്‍ നല്‍കിയത്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ തെളിവുണ്ട് എന്നാണ് എസ്‌ഐടിയുടെ വാദം. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി.
ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയില്‍ വിധി പറഞ്ഞത്. പിണറായി വിജയന്റെ ഗണ്‍മാനായിരുന്ന അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥരായ എസ് സന്ദീപ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവരാണ് കേസിലെ അഞ്ച് പ്രതികള്‍. ആലപ്പുഴ എംഎല്‍എ എ ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അജയ് ജുവല്‍ കുര്യാക്കോസ് എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജൂണ്‍ ഒന്‍പതിന് ആലപ്പുഴ ജില്ല സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വേണ്ടത് തെളിവ് കണ്ടെത്താന്‍ ആണെന്ന പ്രോസിക്യൂഷന്‍ വാദവും സാക്ഷികളെ സ്വാധീനിക്കുമെന്നുള്ള വാദങ്ങള്‍ തള്ളിയായിരുന്നു കോടതിയുടെ നടപടി.
സര്‍ക്കാര്‍ സ്വാധീനത്തോടെ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം ശരിയല്ലെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു അതിനുള്ള സാധ്യതയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരും സുരക്ഷാ ജീവനക്കാരും മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമായിരുന്നു സംഭവത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. ജൂൺ പതിനൊന്നിന് അഞ്ചുപേരും ചോദ്യം ചെയ്യലിന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരായിരുന്നു. ഓരോരുത്തരെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്.
