Home » Blog » Auto » ടിവിഎസ് ഓര്‍ബിറ്റര്‍ വി1 പുറത്തിറക്കി; ബാസ് പദ്ധതിയിലൂടെ 49,999 രൂപ മുതല്‍ ലഭ്യം
12

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന മേഖലയിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സ്കൂട്ടറായ ടിവിഎസ് ഓര്‍ബിറ്റര്‍ വി1 (1.8 കെഡബ്ല്യുഎച്ച്) പുറത്തിറക്കിക്കൊണ്ട് ഇവി വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി. ഉപഭോക്താക്കള്‍ക്ക് പുതിയതും ലളിതവുമായ രീതിയില്‍ സ്വന്തമാക്കാവുന്ന തരത്തില്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബാറ്ററി-ആസ്-എ-സര്‍വീസ് (ബാസ്) മോഡലും കമ്പനി അവതരിപ്പിച്ചു.

ടിവിഎസ് ഓര്‍ബിറ്റര്‍ വി1ന്‍റെയും, ബാറ്ററി-ആസ്-എ-സര്‍വീസ് പദ്ധതിയുടെ അവതരണത്തോടെ ടിവിഎസ് മോട്ടോറിന്‍റെ ഇലക്ട്രിക് സ്കൂട്ടര്‍ ശ്രേണി ഇനി പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ 49,999 രൂപ ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വിലയില്‍ ലഭ്യമാവും. ബാസ് മോഡല്‍ വാഹനത്തിന്‍റെ പ്രാരംഭ വില കുറയ്ക്കുന്നതിനൊപ്പം, ബാറ്ററിക്ക് ദീര്‍ഘകാല ഉറപ്പും ഉപഭോക്താക്കള്‍ക്ക് മന:സമാധാനവും ഇതിലൂടെ ലഭിക്കും. ബാസ് പ്ലാന്‍ ഇല്ലാതെ പുതിയ മോഡല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ 84,500 രൂപ ഡല്‍ഹി എക്സ്ഷോറൂം വിലയില്‍ ടിവിഎസ് ഓര്‍ബിറ്റര്‍ വി1 സ്വന്തമാക്കാനാവും.

ടിവിഎസ് ഓര്‍ബിറ്റര്‍ വി1: പുതിയ ഇന്ത്യയുടെ സുസ്ഥിരവും സ്മാര്‍ട്ടുമായ അര്‍ബന്‍ ഇലക്ട്രിക് യാത്രാ വാഹനം നഗരങ്ങളിലെ ഇരുചക്ര വാഹന യാത്രക്കാര്‍ ദൈനംദിന ഇലക്ട്രിക് യാത്രകള്‍ ലളിതവും പ്രായോഗികവുമാക്കാന്‍ രൂപകല്‍പന ചെയ്തതാണ് 1.8 കെഡബ്ല്യുഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ടിവിഎസ് ഓര്‍ബിറ്റര്‍ വി1. ഈ അവതരണത്തോടെ ടിവിഎസ് ഓര്‍ബിറ്റര്‍ ശ്രേണി 1.8 കെഡബ്ല്യുഎച്ച് ശേഷിയുള്ള വി1, 3.1 കെഡബ്ല്യുഎച്ച് ശേഷിയുള്ള വി2 എന്നിങ്ങനെ രണ്ട് വേരിയന്‍റുകളില്‍ ഇനി ലഭ്യമാവും.

പ്രായോഗികമായ നഗര യാത്രകള്‍ക്കായി രൂപകല്‍പന ചെയ്ത ടിവിഎസ് ഓര്‍ബിറ്റര്‍ വി1, 86 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് ഐഡിസി റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 2 മണിക്കൂര്‍ 20 മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധ്യമാകുന്നതിലൂടെ ദൈനംദിന യാത്രാ ആവശ്യങ്ങള്‍ക്ക് ഇത് ഏറെ അനുയോജ്യവുമാവും. കണക്റ്റഡ് മൊബൈല്‍ ആപ്പ്, വൈസറോടു കൂടിയ ഫ്രണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, ഇന്‍കമിങ് കോള്‍ ഡിസ്പ്ലേയോടു കൂടിയ കളര്‍ എല്‍സിഡി ക്ലസ്റ്റര്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടിവിഎസ് ഓര്‍ബിറ്റര്‍ വി1 യാത്ര കൂടുതല്‍ സുഖകരവും സൗകര്യപ്രദമാക്കുകയും ചെയ്യും.

ഡിസൈന്‍ ഫിലോസഫി

സൗന്ദര്യബോധവും പ്രവര്‍ത്തനക്ഷമതയും കൃത്യമായി നിലനിര്‍ത്തി ആധുനികവും ആകര്‍ഷകവും ലക്ഷ്യബോധമുള്ളതുമായ ഒരു ഡിസൈന്‍ രീതിയാണ് ടിവിഎസ് ഓര്‍ബിറ്റര്‍ വി1 പിന്തുടരുന്നത്.

845 എംഎം നീളമുള്ള ഇതിന്‍റെ ഫ്ളാറ്റ്-ഫോം സീറ്റ് വാഹനം ഓടിക്കുന്നയാള്‍ക്കും പിന്നിലിരിക്കുന്നയാള്‍ക്കും ഒരുപോലെ സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നു. 290 എംഎം സ്ട്രെയ്റ്റ്ലൈന്‍ ഫൂട്ട്ബോര്‍ഡ് കാലുകള്‍ വയ്ക്കാന്‍ ആവശ്യത്തിന് സ്ഥലം നല്‍കുന്നു. വീതിയുള്ളതും നിവര്‍ന്നു നില്‍ക്കുന്നതുമായ ഹാന്‍ഡില്‍ബാര്‍ മികച്ച എര്‍ഗണോമിക് റൈഡിങ് പോസ്ചര്‍ നല്‍കുന്നതിനാല്‍ ദൈനംദിന യാത്രകള്‍ ആയാസരഹിതമാകും. കൂടാതെ രണ്ട് ഹെല്‍മെറ്റുകള്‍ വരെ വയ്ക്കാന്‍ പാകത്തിലുള്ളതാണ് സീറ്റിനടിയിലുള്ള 34 ലിറ്റര്‍ സ്റ്റോറേജ് സൗകര്യം. ഇത് സ്കൂട്ടറിന്‍റെ പ്രായോഗികതയെ വര്‍ധിപ്പിക്കുന്നു.

ടെക്നോളജി ആന്‍ഡ് കണക്ടിവിറ്റി

ബുദ്ധിപരമായ ഒരു കണക്റ്റഡ് റൈഡിങ് അനുഭവമാണ് ടിവിഎസ് ഓര്‍ബിറ്റര്‍ വാഗ്ദാനം ചെയ്യുന്നത്. താഴെ പറയുന്നവ ഇതില്‍ ഉള്‍പ്പെടുന്നു:

  • പ്രോ ആക്ടീവ് സേഫ്റ്റി: ക്രാഷ്, ഫാള്‍, ആന്‍റിതെഫ്റ്റ്, ജിയോ-ഫെന്‍സിങ്, ടൈം-ഫെന്‍സിങ് അലേര്‍ട്ടുകള്‍
  • പൂര്‍ണ നിയന്ത്രണം: മൊബൈല്‍ ആപ്പിലൂടെ ദൂരത്തിരുന്നും ബാറ്ററിയുടെ ചാര്‍ജും ഓഡോമീറ്റര്‍ റീഡിങും പരിശോധിക്കാം.
  • സ്മാര്‍ട്ട് നാവിഗേഷന്‍: റൈഡര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മാറ്റം വരുത്താവുന്ന ക്രമീകരണങ്ങളോടു കൂടിയ ടേണ്‍-ബൈ-ടേണ്‍ ഗൈഡന്‍സ്.
  •  കണക്റ്റഡ് ആയിരിക്കാം: എല്‍സിഡി ഡിജിറ്റല്‍ ക്ലസ്റ്ററിലൂടെ കോളുകള്‍, എസ്എംഎസ്, പേഴ്സണലൈസ്ഡ് അലേര്‍ട്ടുകള്‍ എന്നിവ അറിയാം.
  • റൈഡര്‍ കോണ്‍ഫിഡന്‍സ്: ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിങ് അസിസ്റ്റ്.
  • എപ്പോഴും അപ്-ടു-ഡേറ്റ്: എളുപ്പത്തിലുള്ള ഒടിഎ അപ്ഡേറ്റുകള്‍.
  • ഡ്യുവല്‍ റൈഡ് മോഡുകള്‍: മികച്ച റേഞ്ചിനും സുരക്ഷക്കുമായി റീ-ജനറേറ്റീവ് ബ്രേക്കിങോടു കൂടിയ ഇക്കോ, പവര്‍ മോഡുകള്‍.

ബാസ്: വാഹനം സ്വന്തമാക്കാവുന്ന പുതിയൊരു മാതൃക

ബാറ്ററിയുടെ മുഴുവന്‍ തുകയും മുന്‍കൂട്ടി അടയ്ക്കുന്നതിന് പകരം, ഉപയോഗത്തിനനുസരിച്ച് സബ്സ്ക്രിപ്ഷന്‍ തുക നല്‍കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ബാറ്ററി-ആസ്-എ-സര്‍വീസ് (ബാസ്) മോഡലാണ് ടിവിഎസ് മോട്ടോര്‍ തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണിയിലുടനീളം പുതുതായി അവതരിപ്പിച്ചത്.

ഈ മോഡലില്‍ ബാറ്ററി വില വാഹനത്തിന്‍റെ വിലയില്‍ ഉള്‍ക്കൊള്ളിക്കില്ല. ഇത് വാഹനത്തിന്‍റെ പ്രാരംഭ വിലയെയും തുടര്‍ന്നുണ്ടാകുന്ന യാത്രാച്ചെലവിനെയും കുറിച്ച് കൃത്യമായ ധാരണ നല്‍കാന്‍ ഉപഭോക്താക്കളെ സഹായിക്കും. ബാസ് മോഡല്‍ അവതരിപ്പിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനം സ്വന്തമാക്കാനുള്ള രീതി കൂടുതല്‍ ലാളിത മാക്കാനും കൂടുതല്‍ ആളുകളിലേക്ക് ഇത് എത്തിക്കാനുമാണ് ടിവിഎസ് മോട്ടോര്‍ ലക്ഷ്യമിടുന്നത്.

താഴെ പറയുന്ന ആനുകൂല്യങ്ങളോടെ ടിവിഎസ് മോട്ടോറിന്‍റെ എല്ലാ ഇലക്ട്രിക്  സ്കൂട്ടര്‍ മോഡലുകളിലും ബാസ് സേവനം ലഭ്യമാവും

  • 49,999 മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ പ്രാരംഭ വില
  • പ്രതിമാസം 862 മുതല്‍ ആരംഭിക്കുന്ന ഫ്ളെക്സി പേയ്മെന്‍റ് പ്ലാനുകള്‍
  • 5 വര്‍ഷം അല്ലെങ്കില്‍ 70,000 കിലോമീറ്റര്‍ വരെയുള്ള എക്സ്റ്റന്‍ഡഡ് വാറന്‍റി ബാസ് പേയ്മെന്‍റ് പ്ലാനുകളില്‍ ഉള്‍പ്പെടും
  • തിരഞ്ഞെടുക്കുന്ന ബാസ് കാലാവധിക്കുള്ളില്‍ കിലോമീറ്റര്‍ പരിധിയില്ലാതെ വാഹനം ഉപയോഗിക്കാം

ടിവിഎസ് മോട്ടോര്‍ ശക്തവും വ്യക്തവുമായ ഒരു ഇലക്ട്രിക് വാഹന ശ്രേണി കെട്ടിപ്പടുത്തിട്ടുണ്ടെന്നും ടിവിഎസ് ഓര്‍ബിറ്റര്‍ വി1ന്‍റെ വരവ് തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടര്‍ നിര ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിക്കൊണ്ട് ഈ ശ്രേണിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ടിവിഎസ് ഓര്‍ബിറ്റര്‍ വി1 അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യ ടൂവീലര്‍ ബിസിനസ് പ്രസിഡന്‍റ് ഗൗരവ് ഗുപ്ത പറഞ്ഞു. ഇതിനൊപ്പം ബാസ് മോഡല്‍ അവതരിപ്പിക്കുന്നത് ഇലക്ട്രിക് വാഹനം സ്വന്തമാക്കാനുള്ള ഉപഭോക്താക്കളുടെ സമീപനത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരും. വാഹനത്തിന്‍റെ വിലയും ബാറ്ററിയുടെ ഉപയോഗത്തിനുള്ള ചെലവും വേര്‍തിരിക്കുന്നതിലൂടെ മൊത്തത്തിലുള്ള വാഹനം സ്വന്തമാക്കാനുള്ള ചെലവിനെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനും തങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക് വാഹന മേഖല അതിന്‍റെ അടുത്ത വളര്‍ച്ചാഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രായോഗികമായ ദൈനംദിന ഇവി യാത്രകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നത് കൂടുതല്‍ അത്യന്താപേക്ഷിതമായി മാറുകയാണ്.

ഇലക്ട്രിക് വാഹന മേഖലയിലെ തങ്ങളുടെ നേതൃസ്ഥാനം ഉറപ്പിക്കാനും, വിശ്വാസത്തിന്‍റെയും നവീകരണത്തിന്‍റെയും കരുത്തില്‍ ഇന്ത്യയുടെ ഇവി വിപ്ലവത്തെ മുന്നോട്ട് നയിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്‍റും, കമ്മ്യൂട്ടര്‍ & ഇവി ബിസിനസ്, കോര്‍പ്പറേറ്റ് ബ്രാന്‍ഡ് & മീഡിയ ഹെഡുമായ അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ടിവിഎസ് ഓര്‍ബിറ്റര്‍ വി2 ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്, ആ പ്രതികരണങ്ങളാണ് ഈ ശ്രേണി കൂടുതല്‍ വിപുലീകരിക്കാന്‍ തങ്ങള്‍ക്ക് പ്രചോദനമായത്. നഗരങ്ങളിലെ ദൈനംദിന യാത്രകള്‍ക്കായി കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ഒരു വാഹനമെന്ന നിലയിലാണ് ടിവിഎസ് ഓര്‍ബിറ്റര്‍ വി1 അവതരിപ്പിച്ചിരിക്കുന്നത്. ബാസ് പോലുള്ള ലളിതമായ വാഹനം സ്വന്തമാക്കാനുള്ള മാതൃകകള്‍ കൂടി ചേരുന്നതോടെ, ടിവിഎസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയിലുടനീളം കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാകുമെന്നും തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വകഭേദങ്ങള്‍, വില, സവിശേഷതകള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അറിയുന്നതിന്:

TVS Orbiter | TVS iQube