കൊച്ചി: ഇന്ത്യയുടെ വായ്പാ മേഖല കരുത്താർജിക്കുന്നതായി പ്രമുഖ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ എക്സ്പീരിയന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. വ്യക്തിഗത-ബിസിനസ് വായ്പകൾക്കുള്ള ആവശ്യകത വർധിച്ചതും, ഉപഭോക്താക്കൾ തിരിച്ചടവിൽ പുലർത്തുന്ന കൃത്യതയുമാണ് ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ട് പറയുന്നു. 2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം വായ്പ മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധിച്ച് ഏകദേശം 130 ലക്ഷം കോടി രൂപയിലെത്തി.
2025–26 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മാത്രം രാജ്യത്ത് വിതരണം ചെയ്തത് 20 ലക്ഷം കോടി രൂപയുടെ പുതിയ വായ്പകളാണ്. വായ്പാ രംഗത്തെ പുത്തൻ ട്രെൻഡുകളിൽ മുൻപന്തിയിലുള്ളത് പണയ വായ്പകൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ്.
പുതിയ വായ്പകളിൽ പണയ വായ്പകളുടെ വിഹിതം 34 ശതമാനമായി ഉയർന്നതും ശ്രദ്ധേയമാണ്.
വായ്പാ തിരിച്ചടവിൽ വരുത്തുന്ന വീഴ്ചകളിൽ കാര്യമായ കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിയന്തര ആവശ്യങ്ങൾക്കായി വേഗത്തിലും എളുപ്പത്തിലും പണം ലഭ്യമാകുമെന്നതിനാൽ സ്വർണ്ണപ്പണയ വായ്പകൾക്ക് ആവശ്യക്കാരേറുന്നു. എന്നാൽ ക്രെഡിറ്റ് കാർഡ് അപേക്ഷകളിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി ആളുകൾ ക്രെഡിറ്റ് കാർഡുകൾ അങ്ങേയറ്റം സൂക്ഷ്മതയോടെ ഉപയോഗിച്ചു തുടങ്ങിയതാണ് ഇതിന് കാരണം.
