ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്ന 47 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു കൈവശരേഖ വിതരണം ചെയ്തു. തീരേ ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് അഞ്ച് സെൻറ് എങ്കിലും ഭൂമി അനുവദിക്കണമെന്ന് പട്ടികവർഗ വകുപ്പ് ഉത്തരവ് ഇറക്കിയതായി മന്ത്രി പറഞ്ഞു. ഭൂമി കണ്ടെത്താനുള്ള അധികാരം ഗുണഭോക്താവിന് തന്നെയാണ് നൽകിയത്. എത്രയും പെട്ടെന്ന് എല്ലാ കുടുംബത്തിനും ഭൂമി നൽകാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
2003ലാണ് ആറളം ഫാം കേന്ദ്രസർക്കാരിൽനിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. ആറളം ഫാം നിലവിൽ നഷ്ടത്തിലാണ്. സർക്കാർ ഫണ്ട് നൽകിയാണ് ഫാമിനെ നിലനിർത്തുന്നത്. ആറളം ഫാമിൽ പട്ടികവർഗ കുടുംബങ്ങൾക്ക് ഭൂമി നൽകുക മാത്രമല്ല, റോഡുകൾ, കിണറുകൾ, സ്‌കൂളുകൾ, അങ്കണവാടികൾ, തുടങ്ങിയവ നിർമ്മിച്ചു. അതിരൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്നതിനായി 53 കോടി രൂപ മുടക്കി ആനമതിൽ നിർമ്മാണം നടക്കുന്നു. അത് ഉടൻ പൂർത്തിയാക്കും.
2003ന് ശേഷം കോടിക്കണക്കിന് രൂപയാണ് ആറളം ഫാമിൽ ചെലവഴിച്ചത്. അതിന് ശേഷം ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. ആറളം ഫാമിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ടൂറിസം വികസനത്തിലൂടെയും സൂക്ഷ്മ സംരംഭങ്ങൾ നടപ്പിലാക്കിയും ഫാമിലുള്ളവർക്ക് തൊഴിൽ നൽകാൻ കഴിയും. ഫാമിൽ വിവിധ വകുപ്പുകളുടെ 22ഓളം കെട്ടിടങ്ങൾ അതത് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. ഭൂമി ലഭ്യമാക്കുന്നവർ ഭൂമി ഉപയോഗപ്പെടുത്തി ഇവിടെ താമസിക്കണം. പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ സ്വയംപര്യാപ്തത കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു. പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്കായി നിരവധി വിദ്യാഭ്യാസ പദ്ധതികൾ സർക്കാർ തയ്യാറാക്കി. വിദ്യാർഥികളെ ഏതറ്റം വരെയും പഠിപ്പിക്കാൻ സർക്കാർ തയ്യാറാണ്. ആറളം ഫാമിൽ നിലവിൽ 34ഓളം സർക്കാർ ജീവനക്കാരുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആറളം ഫാമിലെ വളയംചാൽ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
അഡ്വ. സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ എന്നിവർ മുഖ്യാതിഥികളായി. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി ഡോ. കൗശികൻ, ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി എന്നിവർ വിശിഷ്ട സാന്നിധ്യമായി. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ശോഭ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജാത, കെ.കെ സബിത, പട്ടികവർഗ ഉപദേശക സമിതി അംഗം പി കെ. സുരേഷ് ബാബു, ഐടിഡിപി പ്രൊജക്ട് ഓഫീസർ ആർ രാജേഷ് കുമാർ, ആറളം ഫാം എംഡി എസ് സുജീഷ്, എകെഎസ് ജില്ലാ സെക്രട്ടറി കെ. മോഹനനൻ, രാഷ്ട്രീയ കക്ഷിനേതാക്കളായ കെ.വി സക്കീർ ഹുസൈൻ, കെ.ബി ഉത്തമൻ, ഭാസ്‌കരൻ തലക്കുളം, പി.കെ കരുണാകരൻ എന്നിവർ സംസാരിച്ചു.
47 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികളായി
ആറളം പുനരധിവാസ മേഖലയിൽ ഭൂമി അനുവദിച്ച 3375 കുടുംബങ്ങളിൽ വർഷങ്ങളായിട്ടും 1746 കുടുംബങ്ങൾ അനുവദിച്ച ഭൂമിയിൽ അധിവസിക്കാത്തതിനാൽ വസ്തുവകകൾ കാട് കയറി വന്യമൃഗ ശല്യം രൂക്ഷമായതിനാൽ താമസിക്കുവാൻ തയ്യാറാകാതെ ഒഴിഞ്ഞു പോയവരുടെ ഭൂമി റദ്ദ് ചെയ്യുന്നതിന് നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി വേണ്ട എന്ന് അറിയിച്ചവരുടെയും, താമസിക്കുവാൻ താൽപര്യമില്ലെന്ന് അറിയിച്ചവരുടെയും ഉൾപ്പെടെ 1049 പേരുടെ കൈവശരേഖ റദ്ദ് ചെയ്തിട്ടുണ്ട്.
റദ്ദ് ചെയ്യപ്പെട്ടതിൽ 716 പ്ലോട്ടുകൾ റീഅലോട്ട് ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംയുക്ത പരിശോധന നടത്തിയതു പ്രകാരം 550 പ്ലോട്ടുകളാണ് വാസയോഗ്യമായി കണ്ടെത്തിയത്. ഇതിൽ ഏറ്റവും അനുയോജ്യമായ 220 പ്ലോട്ടുകളിൽ ആറളം പുനരധിവാസ മേഖലയിലേയ്ക്ക് പുറമെ നിന്നും ഭൂമിയ്ക്ക് അപേക്ഷ സമർപ്പിച്ചവരിൽ തീർത്തും ഭൂരഹിതരായ 115 പേർക്ക് ഫെബ്രുവരി 26ന് നടന്ന ജില്ലാതല പട്ടയമേളയിൽ വച്ച് കൈവശരേഖ വിതരണം ചെയ്തു.
ഇതോടൊപ്പം പുനരധിവാസ മേഖലയിൽ പുറത്തുനിന്നും കൈയ്യേറി താമസിക്കുന്ന 90 കുടുംബങ്ങളിൽ തീരെ ഭൂമിയില്ലാത്ത 20 പേർക്കും (ചതിരൂരിലെ ട കുടുംബങ്ങൾ ഉൾപ്പെടെ) ഫെബ്രുവരി 26ന് നടന്ന ജില്ലാതല പട്ടയ മേളയിൽ വച്ച് കൈവശരേഖ വിതരണം ചെയ്തിട്ടുണ്ട്. കൈയ്യേറി താമസിക്കുന്നവരിൽ ശേഷിക്കുന്ന 70 പേരിൽ എട്ട് പേർ ഉപകുടുംബത്തിൽപ്പെട്ടതും എട്ട് പേർ ഭൂമി വേണ്ട എന്ന് അറിയിച്ചവരുമാണ്. ഒരാൾക്ക് നിലവിൽ കൈവശരേഖ ഉള്ളതിനാലും ഒരാൾക്ക് കൈയ്യേറിയ സ്ഥലം പ്ലോട്ട് തിരിച്ച് നൽകിയിട്ടില്ലാത്തതിനാലും അഞ്ച് പേർക്ക് ചന്തിരൂർ ഉന്നതിയിലുള്ള ഭൂമി റദ്ദ് ചെയ്യേണ്ടതിനാലും ഇവരെ ഒഴിവാക്കി ബാക്കിയുളള 47 പേരെയാണ് നിലവിൽ ഭൂമി അനുവദിക്കുന്നതിനായി തെരഞ്ഞെടുത്തത്.
