Home » Blog » kerala Mex » ഈ ദിവസത്തിന് ഇരട്ടി പ്രത്യേകത, ഭാര്യ ചാരുലതയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി സഞ്ജു

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ, തന്റെ ജീവിതത്തിലെ കരുത്തായ ഭാര്യ ചാരുലതയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി സഞ്ജു സാംസൺ. ടൂർണമെന്റിലെ റൺവേട്ടക്കാരനായി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു, തന്റെ വിജയത്തിന്റെ ക്രെഡിറ്റ് പങ്കുവെച്ചാണ് വികാരാധീനനായത്.

ലോകകപ്പിലെ അഞ്ച് ഇന്നിങ്‌സുകളിൽ നിന്നായി 80.25 ശരാശരിയിൽ 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 199.37 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റും 24 സിക്‌സറുകളും സഹിതം ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം എന്ന ബഹുമതിയും സഞ്ജു സ്വന്തമാക്കി.

“എന്നെ കണ്ടുമുട്ടിയ അന്ന് മുതൽ ഈ നിമിഷം വരെ കൂടെ നിന്നതിന് നന്ദി. പുറംലോകം എന്നെ എങ്ങനെ കണ്ടാലും എന്നോട് എന്നും സത്യസന്ധത പുലർത്തിയതിനും എന്റെ നല്ലതും ചീത്തയുമായ വശങ്ങൾ ഒരുപോലെ സ്നേഹിച്ചതിനും ഒത്തിരി കടപ്പാടുണ്ട്,” സഞ്ജു കുറിച്ചു. തന്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ ചാരുലത സ്വന്തം സ്വപ്നമായി മാറ്റിയെന്നും ഈ നിമിഷത്തിനായി തന്നെപ്പോലെ തന്നെ അവളും ആഗ്രഹിച്ചിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേർത്തു. ‘എന്റെ പ്രിയപ്പെട്ട പെണ്ടാട്ടിക്ക് ഒരുപാട് നന്ദി’ എന്ന വാക്കുകളോടെയാണ് സഞ്ജു പോസ്റ്റ് അവസാനിപ്പിച്ചത്.