തിരുവനന്തപുരം: വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് എടുത്ത കേസിൽ തുടർ അന്വേഷണത്തിന് കോടതി ഉത്തരവ്. പരാതിയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-11 ന്റേതാണ് ഉത്തരവ്.
ഇ. പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചുവെന്നായിരുന്നു പരാതി. ആദ്യം പൊലീസ് അന്വേഷണം നടത്തി തെളിവില്ലെന്ന കാരണം പറഞ്ഞ് കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്ത് പരാതിക്കാരിലൊരാളായ ഫർസീൻ മജീദ് അഭിഭാഷകൻ മൃദുൽ ജോൺ മാത്യുവിലൂടെ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്നാണ് കേസ് വീണ്ടും പരിശോധിക്കാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്.
സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഇപ്പോഴത്തെ കോടതി നിർദേശം. വലിയതുറ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്കാണ് അന്വേഷണ ചുമതല.
