Your Image Description Your Image Description

നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം നടപ്പിലാക്കാതെ പഞ്ചാബ് സർക്കാർ. സര്‍ക്കാരിന്റെ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് സുപ്രീംകോടതി. മരണം വരെ നിരാഹാര സമരം നടത്തുമെന്നാണ് ജഗ്ജിത് സിംഗ് ദല്ലേവാൾ ഉറപ്പിച്ചിരിക്കുന്നത്. എന്നാൽ കര്‍ഷകരുമായി അനുരഞ്ജനം പാടില്ലെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ നിലപാടെന്ന് കോടതി വിമര്‍ശിച്ചു. വിഷയത്തിൽ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഇടപെടുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അനുരഞ്ജനത്തിന് വിരുദ്ധമാണ് പഞ്ചാബ് സര്‍ക്കാരിന്റെ മനോഭാവം. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നത് കൊണ്ട് അദ്ദേഹം നിരാഹാരം ഉപേക്ഷിക്കണമെന്നല്ല. വൈദ്യസഹായം ലഭിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് നിരാഹാര സമരം തുടരാവുന്നതാണ്. മെഡിക്കല്‍ സഹായത്തിന് കീഴില്‍ നിരാഹാരം തുടരാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ദല്ലേവാളിനെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.

അതേസമയം ദല്ലേവാളിനെ വൈദ്യസഹായം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ ഗുര്‍മീന്ദര്‍ സിങ് സുപ്രീംകോടതിയെ അറിയിച്ചു. ദല്ലേവാളിൻ്റെ നിരാഹാര സമരം അവസാനിപ്പിക്കാനുള്ള നിർദ്ദേശമായി കോടതിയുടെ ഉദ്ദേശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ജസ്റ്റിസ് സൂര്യകാന്ത് അതൃപ്തി പ്രകടിപ്പിച്ചു. തെറ്റായ ധാരണ പ്രചരിപ്പിച്ചതിന് മാധ്യമങ്ങളെയും സംസ്ഥാന ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തുകയും ചെയ്തു. ദല്ലേവാള്‍ രാജ്യത്തിന് വളരെ വിലപ്പെട്ട കർഷക നേതാവാണ്. അദ്ദേഹത്തിന്റെ ജീവന് ആപത്ത് ഉണ്ടാകരുതെന്ന് ഉദ്ദേശം മാത്രമാണ് കോടതിക്കുള്ളൂ എന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *