തിരുവനന്തപുരം: വിഖ്യാത ചരിത്രകാരൻ കെ.എൻ.പണിക്കർ (90) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച പത്തു മണി മുതൽ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് വൈകിട്ട് നാലുമണിക്ക് ശാന്തികവാടത്തിൽ സംസ്‌കാരചടങ്ങുകൾ നടക്കും. തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ഗവേഷണ കൗൺസിൽ സമുചിതമായി ആഘോഷിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര വിഭാഗം വകുപ്പുമേധാവിയായും സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടംപററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു. 2001 മുതൽ 2017 വരെ കേരള ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷൻ ആയിരുന്നു.
വിവിധ വിദേശസർവകലാശാലകളിൽ ഫെലോ ആയും വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചു. 2008 ൽ ഇന്ത്യൻ ചരിത്രകോൺഗ്രസ് അധ്യക്ഷനായി. നിരവധി ചരിത്രഗ്രന്ഥങ്ങൾ രചിച്ചു. ‘കലുഷിതമായ കാലം’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു. 2017 മുതൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിരുന്നു.
ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936ലാണ് ജനനം. ചാവക്കാട് ബോർഡ് ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളജിൽ ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കിയശേഷം രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി. സഹപാഠിയായിരുന്ന രാജസ്ഥാൻ സ്വദേശിനി അന്തരിച്ച ഉഷാ ഭാർഗവയാണ് ഭാര്യ. രാഗിണി, ശാലിനി എന്നിവരാണ് മക്കൾ.
