നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഇഷാൻ കിഷൻ കിരീടപ്പോരിന് ഇറങ്ങിയത് അടുത്ത ബന്ധുവിൻറെ വിയോഗത്തിനിടെ. ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിലെ ഉജ്ജ്വല വിജയത്തിന് ശേഷമാണ് കിഷൻ തൻറെ വ്യക്തിപരമായ വേദന പങ്കുവെച്ചത്.
വെള്ളിയാഴ്ച കിഷൻറെ കസിൻ സഹോദരിയും ഭർത്താവും കാർ അപകടത്തിൽ മരിച്ചിരുന്നു. കരിയറിലെ ഏറ്റവും വലിയ മത്സരത്തിന് മുൻപ് ഈ വിയോഗം ഇഷാനെ തളർത്തിയിരുന്നെങ്കിലും, ടീമിനായി കരുത്തോടെ പോരാടാൻ താരം തീരുമാനിക്കുകയായിരുന്നു. ലോകകപ്പ് ഫൈനൽ കാണാനായി ഇഷാൻ കിഷൻറെ പിതാവ് പ്രണവ് പാണ്ഡെ അഹമ്മദാദാബാദിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണവാർത്തയെത്തിയത്. തുടർന്ന് പ്രണവ് പാണ്ഡെ ലോകകപ്പ് ഫൈനലിനെത്തിയിരുന്നില്ല. കുടുംബത്തിൻറെ ദു:ഖത്തിൽ പങ്കുചേരാൻ ഇഷാൻ കിഷൻ വരാനിരുന്നതാണെങ്കിലും രാജ്യത്തിനുവേണ്ടി കിരീടം നേടുകയാണ് പ്രധാനമെന്ന് കുടുംബം ഓർമിപ്പിച്ചതോടെയാണ് കിഷൻ ടീമിനൊപ്പം തുടർന്നത്.
കഴിഞ്ഞ ദിവസം നടന്ന ഒരു കാർ അപകടത്തിൽ എനിക്ക് എൻറെ കസിൻ സഹോദരിയെയും ഭർത്താവിനെയും നഷ്ടമായി. അവൾക്ക് വേണ്ടിയാണ് ഞാൻ ഇന്ന് കളിച്ചത്. ഹാർദിക് ഭായിയോട് ഞാൻ ഇക്കാര്യം സംസാരിച്ചിരുന്നു, ടീമിനെ മുന്നിൽ നിർത്താനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഈ വിജയം ഞാൻ അവൾക്കായി സമർപ്പിക്കുന്നു എന്നായിരുന്നു ഇഷാൻ കിഷൻ മത്സരശേഷം പറഞ്ഞത്. വനിതാ ദിനത്തിൽ തന്നെ ഇത്തരമൊരു വിജയം നേടാനായത് സഹോദരിക്കുള്ള സമർപ്പണമാണെന്നും കിഷൻ കൂട്ടിച്ചേർത്തു. അർധസെഞ്ചുറി നേടിയ ശേഷം കിഷൻ ആകാശത്തേക്ക് ബാറ്റുയർത്തി മരിച്ച സഹോദരിക്കും ഭർത്താവിനും ആദരമർപ്പിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്ന കിഷൻ, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെയാണ് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ വീണ്ടും തുറന്നത്. ലോകകപ്പിൽ 317 റൺസടിച്ച കിഷൻ ടൂർണമെൻറിലെ നാലാമത്തെ ഉയർന്ന റൺവേട്ടക്കാരനും ഇന്ത്യൻ താരങ്ങളിൽ സഞ്ജുവിന് പിന്നിൽ രണ്ടാം സ്ഥാനക്കാരനുമായി. ഫൈനലിൽ സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തിയ കിഷൻ 25 പന്തിൽ 54 റൺസടിച്ച് തിളങ്ങിയിരുന്നു. ബാറ്റിംഗിന് പുറമെ രച്ചിൻ രവീന്ദ്രയുടെയും ടിം സൈഫർട്ടിൻറെയും തകർപ്പൻ ക്യാച്ചുകളെടുത്ത് ഫീൽഡിംഗിലും കിഷൻ തിളങ്ങി.
ടീമിൽ നിന്ന് പുറത്തായ സമയത്ത് വിരാട് കോലിയുടെ മനോഭാവമാണ് താൻ പിന്തുടർന്നതെന്ന് ഇഷാൻ പറഞ്ഞു. തൻറെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ കഠിനാധ്വാനം ചെയ്യാനാണ് താൻ ശ്രമിച്ചത്. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുൻപ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ വിളിച്ച കാര്യവും ഇഷാൻ വെളിപ്പെടുത്തി. നമുക്ക് ലോകകപ്പ് ജയിപ്പിച്ചു തരുമോ?” എന്ന സൂര്യയുടെ ചോദ്യത്തിന്, “വിശ്വസിക്കാമെങ്കിൽ ഞാൻ അത് ചെയ്യും എന്നായിരുന്നു ഇഷാൻറെ മറുപടി. ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഇഷാന് സാധിച്ചു.
