Home » Blog » Kerala » കേരളത്തിലെ ജയിലുകള്‍ തടവുകാരുടെ ചിന്തകളിലും ജീവിത രീതികളിലും മാറ്റങ്ങള്‍ കൊണ്ടുവരുന്ന കേന്ദ്രങ്ങള്‍ -മുഖ്യമന്ത്രി  
pinarayivijayan-kiCG-621x414LiveMint-1-560x414

 

ബേപ്പൂര്‍, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങളും വടകര റൂറല്‍ ജില്ലാ ജയിലിന്റെ പ്രവൃത്തിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

കേരളത്തിലെ ജയിലുകള്‍ ഇന്ന് ശിക്ഷാ കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും തടവുകാരുടെ ചിന്തകളിലും ജീവിത രീതികളിലും ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബേപ്പൂര്‍, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളുടെയും വടകര പുതുപ്പണത്ത് നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ റൂറല്‍ ജില്ലാ ജയിലിന്റെയും പ്രവൃത്തി ഉദ്ഘാടനവും ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക സുരക്ഷാ മാര്‍ഗങ്ങളിലൂടെ ജനജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അഴിമതിരഹിത കേരളം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ കരുത്തുറ്റ ഭരണസംവിധാനങ്ങള്‍ ആവശ്യമാണ്. ഈ കാഴ്ചപ്പാടോടെയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായി. തുറമുഖ വകുപ്പ് അനുവദിച്ച 22 സെന്റ് ഭൂമിയില്‍ 2.54 കോടി രൂപ ചെലവിട്ടാണ് രണ്ടു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിച്ചത്. താഴെ നിലയില്‍ മൂന്ന് ലോക്കപ്പുകള്‍, റിസപ്ഷന്‍, ഐ.പി ഓഫീസ്, ഫസ്റ്റ് എയ്ഡ്, ജനമൈത്രി പൊലീസ് ഓഫീസ്, ലൈബ്രറി, ആയുധം സൂക്ഷിക്കുന്ന റൂം, കമ്പ്യൂട്ടര്‍ റൂം തുടങ്ങിയവയും ഒന്നാം നിലയില്‍ ക്ലറിക്കല്‍ റൂം, റെക്കോഡ് റൂം, ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്, സാക്ഷി വിസ്താര മുറി, വിശ്രമമുറികള്‍, അടുക്കള, വ്യായാമ കേന്ദ്രം, റിക്രിയേഷന്‍ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

 

ചടങ്ങില്‍ മേയര്‍ ഒ സദാശിവന്‍, മുന്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയ എന്നിവര്‍ മുഖ്യാതിഥികളായി. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കെ രാജീവ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സലന്‍, ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, നോര്‍ത്ത് സോണ്‍ ഐ.ജി രാജ്പാല്‍ മീണ, ഫറോക്ക് അസി. കമീഷണര്‍ എ പ്രേംജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി. ആഭ്യന്തര വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് അനുവദിച്ച ഒന്നരക്കോടിയോളം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് നിര്‍മാണ ചുമതല നിര്‍വഹിച്ചത്.

 

ചടങ്ങില്‍ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പഥംസിങ്, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ബി ജാഫര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കവിത, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സജിത് കുമാര്‍, മെഡിക്കല്‍ കോളേജ് പോലീസ് കമീഷണര്‍ കെ എം ബിജു, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ബി സുലൈമാന്‍, എ എസ് സന്തോഷ്, ടി രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കരാറുകാരന്‍ സി എ അബ്ദുല്‍ മുഹ്‌സിനെ ചടങ്ങില്‍ ആദരിച്ചു.

 

വടകര റൂറല്‍ ജില്ലാ ജയില്‍ നിര്‍മാണോദ്ഘാടന ചടങ്ങില്‍ കെ കെ രമ എംഎല്‍എ അധ്യക്ഷയായി. എക്‌സി. എഞ്ചിനീയര്‍ ഷാനിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശശി, അസി. എക്‌സി. എഞ്ചിനീയര്‍ പി കെ ബിജു, കൗണ്‍സിലര്‍ വി കെ ബിജു, ജില്ലാ ജയില്‍ സൂപ്രണ്ട് കെ പി അഖില്‍രാജ്, വടകര സബ് ജയില്‍ സൂപ്രണ്ട് വി ടി കെ രവീന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി ഭാസ്‌കരന്‍, ആര്‍ സത്യന്‍, സി കുമാരന്‍, വി കെ അസീസ്, പി പി വ്യാസന്‍, കെ ചിത്രന്‍, സി പി റിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

18 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ജയിലിന്റെ ചുറ്റുമതിലും പ്രധാന കവാടവും ഉള്‍പ്പെടുന്ന 2.35 കോടി രൂപയുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. മൂന്നു നിലകളിലായി നിര്‍മിക്കുന്ന ജയിലില്‍ ലിഫ്റ്റ്, വീഡിയോ കോണ്‍ഫറന്‍സ് റൂം, ഓഫീസ് മുറികള്‍, ഇന്റര്‍വ്യൂ റൂം, യോഗ ഹാള്‍, ലൈബ്രറി, രണ്ട് നിലകളിലായി സെല്ലുകള്‍ ഉള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങള്‍ ഒരുക്കും. 223 അന്തേവാസികളെ താമസിപ്പിക്കാനുള്ള സൗകര്യവും മിനിസ്റ്റീരിയല്‍ സ്റ്റാഫ്, 150ഓളം ജയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള സൗകര്യവുമായാണ് പുതിയ ജയില്‍ കെട്ടിടം നിര്‍മിക്കുക.