പെരുമ്പാവൂർ: കീഴില്ലത്ത് യുവതിയെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ യുവാവ് വാഹനാപകടത്തിൽ പരുക്കേറ്റ നിലയിൽ. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന കോതമംഗലം രാമല്ലൂർ ഇടത്തുങ്കുടി ലൈജു (47) വിനെയാണ് സംഭവത്തിന് ശേഷം വാഹനാപകടത്തിൽ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കീഴില്ലം ഷാപ്പുപടിയിലെ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തി വരുകയായിരുന്നു ഇരുവരും. ഹോട്ടലിന് പിന്നിലെ മുറിയിലാണ് ഇവർ ഏഴ് വയസുളള മകനൊപ്പം താമസിച്ചിരുന്നത്. ഹോട്ടൽ ജോലിക്കിടെ ഇരുവരും പിന്നിലെ മുറിയിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് മകൻ ചെന്ന് നോക്കുമ്പോൾ ജിബി വീടിനുള്ളിൽ ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. കുട്ടി അറിയിച്ചതനുസരിച്ച് ജിബിയെ ഹോട്ടലിലെ ജീവനക്കാരും സമീപവാസികളും ചേർന്ന് പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതിയുടെ കഴുത്തിൽ ടേപ്പ് ഉപയോഗിച്ച് മുറുക്കിയിരുന്നു. കൈയിലും തലയിലും പരുക്കേറ്റ അടയാളങ്ങളുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെ, ലൈജു ബൈക്കുമായി മുങ്ങുകയായിരുന്നു. തുടർന്ന് ഉച്ചയോടെ എ.എം. റോഡിൽ പെരുമ്പാവൂർ പട്ടാൽ ഭാഗത്ത് കെ.എസ്.ആർ.ടി.സി. ബസിടിച്ച് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ലൈജുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
