ജില്ലയില്‍ ചൂടിനൊപ്പം അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൊട്ടാരക്കരയില്‍ സ്ഥാപിച്ച അള്‍ട്രാവയലറ്റ് സെന്‍സറില്‍ ഫെബ്രുവരി 23ന് സൂചിക 8 രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഉയര്‍ന്നപ്രദേശങ്ങള്‍, തീരദേശ-ജലാശയ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും.
പൊതുജനങ്ങള്‍ പാലിക്കേണ്ടത്…
• പകല്‍ 11 മുതല്‍ മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്
• കൃത്യമായ ഇടവേളകളില്‍ ശുദ്ധജലം ദാഹമില്ലെങ്കിലും ശീലമാക്കുക. വീടിന് പുറത്ത് പോകുന്നവര്‍ കുപ്പിവെള്ളം കരുതുക. നിര്‍ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. ഫ്രഷ് ജ്യൂസ്, സംഭാരം, ഓ ആര് എസ് ലായനി തുടങ്ങിയവ ഉപയോഗിക്കാം.
• ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക.
• പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ വേണം. കൈ ഉള്‍പ്പെടെ പൂര്‍ണമായും മൂടുന്നതരത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ഉചിതം. കുടയോ തൊപ്പിയോ ഉപയോഗിക്കാം.
• കെട്ടിട, റോഡ് നിര്‍മാണതൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍, തൊഴിലുറപ്പ്തൊഴിലാളികള്‍, ട്രാഫിക്ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, പോസ്റ്റുമാന്മാര്, ലൈന്മാന്മാര്, ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍, ഇ- കോമേഴ്സ് പാര്‍സല്‍ വിതരണക്കാര്‍, കലക്ഷന്‍ ഏജന്റുമാര്‍, സെയില്‍സ്/മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
• ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍കാരണം അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
• വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കാം. വിനോദസഞ്ചാരവേളയില്‍ പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് വെയില് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
• പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ കുടിവെള്ളം, തണല്‍ ഉറപ്പുവരുത്തണം. പകല്‍ 11 മുതല്‍ 3 വരെ സമ്മേളനങ്ങള്‍ ഒഴിവാക്കണം
• യാത്രാമധ്യേ വിശ്രമിക്കാം
• കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ നിര്‍ത്തിയിട്ട വാഹനങ്ങളിലാക്കരുത്.
• ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കാം
• വെയിലേറ്റതിന് ശേഷം അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ വിശ്രമിക്കണം, വൈദ്യസഹായവും തേടണം.
