Your Image Description Your Image Description

മലപ്പുറം: ഡിജിറ്റല്‍ സര്‍വ്വകലാശാല വിസി, സാങ്കേതിക സര്‍വ്വകലാശാല വിസി നിയമങ്ങൾക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. സർവ്വകലാശാലകളിൽ ഗവർണർ കയറി ഭരിക്കുന്നതിനെ മുസ്ലിം ലീഗ് പിന്തുണക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്‍ കെ.ടി.യു വിസിയും ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലുമായിരുന്ന ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വ്വകലാശാല വിസി യുടെ ചുമതലയും, കുസാറ്റ് ഷിപ്പ് ടെക്‌നോളജി വകുപ്പിലെ പ്രൊഫസര്‍ ഡോ. കെ. ശിവപ്രസാദിനെ സാങ്കേതിക സര്‍വ്വകലാശാല വിസി യുടെ ചുമതലയും നൽകി ഉത്തരവിട്ട ഗവർണറുടെ നടപടിയെ എതിർത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സർവ്വകലാശാല ഭരണത്തിൽ സംസ്ഥാന സർക്കാരിനോട് എതിർപ്പുണ്ടെങ്കിലും ഗവർണറുടെ നടപടി അംഗീകരിക്കാനാവില്ല’ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഗവർണറുടെ ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതെ സമയം സാങ്കേതിക ഡിജിറ്റൽ സ‌‍‌‍‍ർവകലാശാലയിലെ വിസി നിയമനത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. സർക്കാറുമായി കൂടിയാലോചിക്കാത്ത വിസി നിയമനത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിൻ്റെ തീരുമാനമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.

‘വിസി നിയമനവവുമായി ബന്ധപ്പെട്ട് യാതൊരു വിഷയവും സംസ്ഥാന സർക്കാരുമായി ഗവർണർ ചർച്ച ചെയ്യുന്നില്ല. മാത്രമല്ല കെടിയുവിൻ്റെ ആക്ടിൽ പറയുന്ന പോലെ സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വിസിയെ ‌നിയമിക്കുക എന്നത് പാലിക്കുന്നി’ല്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തേണ്ട ഇടപ്പെടലുകളെ സംബന്ധിച്ച ഗവർണർ എടുക്കുന്ന എല്ലാ സമീപനങ്ങളും വ്യവസ്ഥാപിതമായ കാര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഇതിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്നും ആർ ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *