Your Image Description Your Image Description

ന്യൂഡൽഹി: തൃശൂർ വടക്കാഞ്ചേരി വ്യാസ കോളേജിന്റെ ഉടമസ്ഥാവകാശം എൻ.എസ്.എസിനെന്ന് സുപ്രീംകോടതിയും. വ്യാസ കോളേജിന്റെ ഉടമസ്ഥാവകാശം എൻ.എസ്.എസിനെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ ജ്ഞാനാശ്രമം മാനേജിങ് ട്രസ്റ്റി സ്വാമി ദയാനന്ദതീർഥ ഫയൽ ചെയ്ത ഹർജി സുപ്രീം കോടതി തള്ളി. 1973ലെ കരാർ റദ്ദ് ചെയ്യണമെന്ന ആവശ്യവും ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, ആർ. മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ച് അം​ഗീകരിച്ചില്ല.

വ്യാസ കോളേജിന്റെ ഭരണ നടത്തിപ്പ് 1971-ലാണ് എൻ.എസ്.എസ്സിന് ജ്ഞാനാശ്രമം കൈമാറിയത്. 1973-ൽ കൈമാറ്റം സംബന്ധിച്ച കരാർ നിലവിൽവന്നു. ജ്ഞാനാശ്രമത്തിനു വേണ്ടി മാതാജി ശാന്താദേവിയും സ്വാമി പുരുഷോത്തമ തീർഥയുമാണ് വ്യാസാ കോളജ് എൻ.എസ്.എസിന് കൈമാറ്റം ചെയ്തത്. എന്നാൽ, 1973-ലെ കരാറിൽ ക്രമക്കേട് നടന്നുവെന്നും ഇത് റദ്ദുചെയ്യണമെന്നും ആവശ്യപ്പെട്ട് 1985-ൽ തൃശൂർ സബ്‌കോടതിയിൽ ജ്ഞാനാശ്രമം ഹർജി ഫയൽ ചെയ്തു.

സബ് കോടതി ജ്ഞാനാശ്രമത്തിന് അനുകൂലമായി വിധിച്ചു. ഇതിനെതിരേ എൻ.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചു. സബ്‌കോടതിയിൽ സമർപ്പിച്ച ഹർജി നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തി ഹൈക്കോടതി എൻ.എസ്.എസ്സിന്റെ അപ്പീൽ അനുവദിച്ചു. ഇതിനെതിരേ ജ്ഞാനശ്രമത്തിലെ സ്വാമി ദയാനന്ദ തീർത്ഥയാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.

കോളേജിന്റെ ഭരണ നടത്തിപ്പ് എന്നെന്നേക്കുമായി എൻ.എസ്.എസ്സിന് കൈമാറിയിട്ടില്ലെന്നും 1973-ലെ കരാറിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമായിരുന്നു സ്വാമി ദയാനന്ദ തീർത്ഥയുടെ വാദം. എന്നാൽ, ഈ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. എൻ.എസ്.എസിനുവേണ്ടി സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാർ, എം. ഗിരീഷ്‌കുമാർ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *