Your Image Description Your Image Description

ജയ്‌പൂർ: അജ്മീർ ദർഗ നിലനിൽക്കുന്ന ഭൂമിയിൽ ശിവക്ഷേത്രമുണ്ടെന്ന അവകാശവാദവുമായി ഹിന്ദുസേന നേതാവ്. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് അജ്മീർ ദർഗയെ ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അജ്മീറിലെ പ്രാദേശിക കോടതിയിൽ ​ഹർജി നൽകിയത്. സൂഫി സന്യാസിയായ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ശവകുടീരമായ അജ്മീർ ദർഗയെ സങ്കട് മോചൻ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ദർഗയ്‌ക്ക് ഏതെങ്കിലും തരത്തിലുള്ള രജിസ്ട്രേഷൻ ഉണ്ടെങ്കിൽ അത് റദ്ദാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. പരാതി ഫയലിൽ സ്വീകരിച്ച കോടതി ബന്ധപ്പെട്ട മൂന്ന് കക്ഷികൾക്ക് നോട്ടീസയച്ചു.

അജ്മീർ ദർഗ കമ്മിറ്റിക്കും ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനും രാജ്യ തലസ്ഥാനത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഓഫീസിനുമാണ് കോടതി നോട്ടീസ് അയച്ചത്. സെപ്റ്റംബറിലാണ് ഇതുമായി ബന്ധപ്പെട്ട സിവിൽ കേസ് ഫയൽ ചെയ്തത്. ഡിസംബർ 20നാണ് കേസിൽ അടുത്ത വാദം കേൾക്കുന്നത്.

ദർ​ഗ നിൽക്കുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നെന്നതിന് കൂടുതൽ വ്യക്തതയ്‌ക്കായി എഎസ്ഐ സർവേ നടത്തി ഹിന്ദുക്കൾക്ക് പരിസരത്ത് ആരാധന നടത്താനുള്ള അവകാശം നൽകണമെന്നും വിഷ്ണു ഗുപ്ത ആവശ്യമുന്നയിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രധാന സ്ഥാനം വഹിച്ചിരുന്ന ഹർ ബിലാസ് സർദ 1910 ൽ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് എഴുതിയിരുന്നതായി ഹർജിയിൽ പറയുന്നു.

50 വർഷങ്ങൾക്കുമുൻപ് ദർഗയ്‌ക്കുള്ളിലെ ശിവ ക്ഷേത്രത്തിൽ ഒരു പുരോഹിതൻ സ്ഥിരമായി പ്രാർത്ഥനകൾ നടത്താറുണ്ടായിരുന്നതായും എന്നാൽ ഇവിടെയുണ്ടായിരുന്ന ശിവലിംഗം നിലവറയിലേക്ക് മാറ്റിയതായും പ്രദേശവാസികൾ പറഞ്ഞിട്ടുള്ളതായി വിഷ്ണുഗുപ്തയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *