Your Image Description Your Image Description

തിരുവനന്തപുരം: കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന ദയനീയ തോല്‍വികൾ വിലയിരുത്താനായി ബിജെപി നേതൃയോഗം ചൊവ്വാഴ്ച ചേരും. പാലക്കാട്ടെ തിരിച്ചടിക്ക് പിന്നാലെ ബിജെപിയിൽ അസ്വസ്ഥത പുകയുകയാണ്. അതായിരിക്കും പ്രധാന ചര്‍ച്ച. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ കനത്ത പരാജയമാണ് പാര്‍ട്ടി നേരിട്ടത്. വോട്ടു ശതമാനത്തില്‍ വലിയ ഇടിവുണ്ടായത് യോഗത്തില്‍ ചര്‍ച്ചയാകും.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ഏതാണ്ട് 4000ല്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തിയിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഇത്തവണയും രണ്ടാം സ്ഥാനത്താണെങ്കിലും പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് കുറവുണ്ടായത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലമാണ് പാലക്കാട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 3000ല്‍പ്പരം വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ വിജയിച്ചിരുന്നത്. പാലക്കാട് ശോഭ സുരേന്ദ്രന്‍ അടക്കം പല പേരുകളും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, പാര്‍ട്ടി സംസ്ഥാന നേതൃത്വം സി കൃഷ്ണകുമാറിനായി ഉറച്ചു നില്‍ക്കുകയായിരുന്നു. കെ സുരേന്ദ്രന്‍ അടക്കം സംസ്ഥാന നേതൃത്വം പാലക്കാട് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടത്, പാലക്കാട്ടെ വോട്ടു നഷ്ടമാകല്‍ എന്നിവ ഉയര്‍ത്തി കെ സുരേന്ദ്രന്‍ വിഭാ​ഗത്തിനെതിരെ എതിര്‍പക്ഷം ശക്തമായി രംഗത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു വിഭാഗം അരയുംതലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു. ശോഭാ സുരേന്ദ്രനെ വിളിക്കൂ ബിജെപിയെ രക്ഷിക്കൂവെന്ന മുറവിളിയും ശക്തമാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന നേതൃയോഗം ഏറ്റുമുട്ടലിന് വേദിയാകും.

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് കനത്ത പ്രഹരമാണ് പാർട്ടി നേരിടേണ്ടിവന്നത്. സംസ്ഥാന അധ്യക്ഷൻ നേരിട്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച മണ്ഡലത്തിലെ തോൽവി ഏറെ ഗൗരവത്തോടെ കാണണമെന്നാണ് പാർട്ടിയിലെ ആവശ്യം. 2021ലെ പ്രകടനം ആവർത്തിക്കാനായില്ല. ശക്തികേന്ദ്രമായ നഗരമേഖലയിൽ തിരിച്ചടി. മൂന്നാംസ്ഥാനത്തുള്ള എൽഡിഎഫുമായി കാര്യമായ അകലമില്ല. ബിജെപി ജയിക്കാതിരിക്കാൻ എതിരാളികൾ വോട്ടുമറിച്ചുവെന്ന പതിവ് വാദം വിലപ്പോകില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ജയസാധ്യതയുള്ളവരെ തഴഞ്ഞതും സി കൃഷ്ണകുമാറിനോടുള്ള പ്രാദേശിക അതൃപ്തി കണ്ടില്ലെന്നു നടിച്ചതും നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു. സന്ദീപ് വാര്യരെ നിസ്സാരവൽക്കരിച്ച സമീപനം ശരിയായില്ലെന്ന വിലയിരുത്തലുമുണ്ട്. ഭിന്നതകൾ മറന്ന് ശോഭ സുരേന്ദ്രൻ അടക്കം സഹകരിച്ചതും സുരേന്ദ്ര വിരുദ്ധ പക്ഷം ഉയർത്തിക്കാട്ടുന്നു. സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുണ്ടായ പാലക്കാട്ടെ തോൽവി കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യത്തിന് കരുത്തു പകരുന്നു. ഇങ്ങിനെ പോയാൽ പോര; നിയമ സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടപടികൾ വേണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മേജർ രവി മനോരമ ന്യൂസിനോട് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന നേതൃത്വത്തിനെതിരെ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വിമർശന പ്രവാഹമാണ്. പാലക്കാട് ബിജെപിയെ നശിപ്പിച്ച സി കൃഷ്ണകുമാർ പന്തളത്തും പാർട്ടിയെ നശിപ്പിക്കുന്നുവെന്ന് ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ അധ്യക്ഷയുടെ ഭർത്താവ് കുറ്റപ്പെടുത്തുന്നു. ചേലക്കരയിൽ പതിനായിരത്തോളം വോട്ടുകൂടിയതിന്റെ പേരുപറഞ്ഞ് നേതൃത്വത്തിന്റെ വീഴ്ച്ച മറയ്ക്കാൻ കഴിയില്ലെന്നും വിമതപക്ഷം വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *