Your Image Description Your Image Description

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം മുഴുവന്‍. റിയാദില്‍ ഇന്നും നാളെയുമായാണ് ലേലം നടക്കുക. ഇത് രണ്ടാം തവണയാണ് ഇന്ത്യക്ക് പുറത്ത് താരലേലം നടക്കുന്നത്. ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1,574 കളിക്കാരുടെ പട്ടിക ഐപിഎല്‍ അധികൃതര്‍ പ്രഖ്യാപിച്ചു. 10 ഫ്രാഞ്ചൈസികളുടെയും നിലനിര്‍ത്തല്‍ താരങ്ങള്‍ക്ക് പുറമേയാണിത്. ഇത്തവണയും ലേലം നിയന്ത്രിക്കുന്ന ഓക്ഷണര്‍ ആയി എത്തുന്നത് മല്ലിക സാഗറാണ്.

2024 ലെ മിനി ലേലത്തിലും മല്ലിക തന്നെയായിരുന്നു ഓക്ഷണര്‍. എന്നാല്‍ ഇത്തവണ ലേലം അല്‍പം വിപുലമായിട്ടാണ്. അതിനാല്‍ തന്നെ മല്ലികയുടെ ജോലിയും കൂടും. 2019 മുതല്‍ 2022 വരെ ഐപിഎല്‍ ലേലം നിയന്ത്രിച്ചിരുന്നത് ഹ്യൂ എഡ്മീഡ്സ് ആയിരുന്നു. 2024 ല്‍ ആദ്യമായി മല്ലിക ഈ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ആദ്യത്തെ വനിതാ ഐപിഎല്‍ ഓക്ഷണര്‍ എന്ന നേട്ടവും അവരെ തേടിയെത്തിയിരുന്നു.

വനിതാ പ്രീമിയര്‍ ലീഗ്, പ്രോ കബഡി ലീഗ് എന്നിവയുള്‍പ്പെടെ വിവിധ സ്പോര്‍ട്സ് ലീഗുകള്‍ക്കായുള്ള ലേലത്തില്‍ മല്ലിക പങ്കെടുത്തിട്ടുണ്ട്. മുംബൈയിലെ ഒരു ബിസിനസ് കുടുംബത്തില്‍ നിന്നുള്ള മല്ലിക സാഗറിന് ചെറുപ്പം തൊട്ടെ ലേലത്തോടുള്ള അഭിനിവേശമുണ്ടായിരുന്നു. യുഎസിലെ ഫിലാഡല്‍ഫിയയിലുള്ള ബ്രൈന്‍ മാവര്‍ കോളേജില്‍ കലാചരിത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്.

പിന്നീട് 2001-ല്‍ 26-ാം വയസ്സില്‍ പ്രശസ്ത ലേല സ്ഥാപനമായ ക്രിസ്റ്റീസില്‍ തന്റെ കരിയര്‍ ആരംഭിച്ചു. സ്‌പോര്‍ട്‌സ് ലേലത്തിലേക്ക് മാറുന്നതിന് മുമ്പ് മല്ലിക സാഗര്‍ കലാ ലേല ലോകത്തും ഒരു കൈ നോക്കിയിരുന്നു. 2021 ല്‍ പ്രൊ കബഡി ലീഗിലൂടേയാണ് സ്‌പോര്‍ട്‌സ് ലേലത്തിലേക്കുള്ള ചുവടുമാറ്റം. ഐപിഎല്‍ ചരിത്രത്തിലെ നാഴികക്കല്ലായ തീരുമാനമായിരുന്നു മല്ലിക സാഗറിന്റെ നിയമനം.

പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള മേഖലകളില്‍ ഓക്ഷണര്‍ എന്ന നിലയില്‍ കരിയര്‍ തുടരാന്‍ സ്ത്രീകളെ പ്രചോദിപ്പിക്കുന്നതാണ് മല്ലികയുടെ നേട്ടം. ശാന്തമായ പെരുമാറ്റം, വിവേകം, ഉയര്‍ന്ന സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയ്ക്ക് പേരുകേട്ട മല്ലിക സാഗര്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഐപിഎല്‍ ലേലത്തിനാണ് ഒരുങ്ങിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള 574 കളിക്കാരുടെ വിധി നിര്‍ണയിക്കുന്നതാണ് ഇത്തവണത്തെ ഐപിഎല്‍ ലേലം. ഇത് രണ്ടാം തവണയാണ് ഐപിഎല്‍ ലേലം ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *