Your Image Description Your Image Description

ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡുകളിലെ ഏറ്റവും മുൻപന്തിയിലുള്ള ഒരു കമ്പനിയാണ് ഒല. ഒലയുടെ സ്കൂട്ടറുകൾക്ക് എതിരെ ഈ അടുത്തായി നിരവധി ഉപഭോക്താക്കൾ പരാതിയുമായി രംഗത്തെത്താറുണ്ട്. ഒലയുടെ ഷോറൂമിന് പുറത്ത് യുവാവ് ഇലക്‌ട്രിക് സ്‌കൂട്ടർ ചുറ്റിക കൊണ്ട് അടിച്ചു തകർക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വാഹനം വാങ്ങി ഒരു മാസത്തിനുള്ളിൽ സർവീസ് സെന്‍റർ 90,000 രൂപയുടെ ബിൽ നൽകിയതിലെ നിരാശയാണ് യുവാവിനെ കൊണ്ട് കടുംകൈ ചെയ്യിച്ചതെന്നാണ് റിപ്പോർട്ട്.

വെള്ള ഷർട്ടും നീല ജീൻസും ധരിച്ച യുവാവ് ഷോറൂമിന് മുന്നിൽ സ്കൂട്ടർ മറിച്ചിട്ട് ചുറ്റിക കൊണ്ട് നിരവധി തവണ അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റുള്ളവരും യുവാവിനൊപ്പം ചേർന്നു. അവർ ചുറ്റിക വാങ്ങി സ്കൂട്ടർ അടിച്ചുതകർക്കാൻ യുവാവിനെ സഹായിച്ചു. എന്താണ് യുവാവിന്‍റെ രോഷത്തിന് കാരണമെന്ന് വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ പറയുന്നത് ഇതിനിടെ കേൾക്കാം. യുവാവ് ഒരു മാസം മുൻപാണ് ഓല ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. സർവീസ് സെന്‍റർ അദ്ദേഹത്തിന് 90,000 രൂപയുടെ ബിൽ നൽകി. ആ നിരാശ കാരണമാണ് ഷോറൂമിന് മുൻപിൽ കൊണ്ടുവന്നിട്ട് സ്കൂട്ടർ തകർത്തതെന്നാണ് വീഡിയോ എടുത്തയാൾ പറയുന്നത്.

നേരത്തെ ഒലയുടെ മോശം സർവീസിനെതിരെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഒലയുടെ സർവീസ് സെന്‍ററിൽ നന്നാക്കാതെ പൊടിപിടിച്ച് കിടക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളുടെ ചിത്രം പുറത്തുവിട്ടാണ് കുനാൽ വിമർശനം ഉന്നയിച്ചത്. പിന്നാലെ ഒല സിഇഒ ഭാവിഷ് അഗർവാൾ കുനാലിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. പണം വാങ്ങിയാണ് കുനാൽ ട്വീറ്റ് ചെയ്യുന്നത് എന്നായിരുന്നു ആരോപണം. കുനാലിനെ കമ്പനിയിലേക്ക് ക്ഷണിക്കുന്നുവെന്നും സർവീസ് സെന്‍ററിന്‍റെ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ട്വീറ്റിന് വാങ്ങുന്ന പണത്തേക്കാളും പരാജയപ്പെട്ട കോമഡി കരയറിനേക്കാളും കൂടുതൽ തുക നൽകാമെന്നും പരിഹസിച്ചു. പിന്നാലെ പണം വാങ്ങിയെന്ന് തെളിയിച്ചാൽ പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് വീട്ടിൽ മിണ്ടാതിരിക്കുമെന്ന് കുനാൽ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *