Your Image Description Your Image Description

കോട്ടയം: കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും രക്ഷിക്കാനായി സംസ്ഥാന കൃഷിവകുപ്പ് രൂപംകൊടുത്ത വി.എഫ്.പി.സി.കെയും പ്രതിസന്ധിയിൽ. സംസ്ഥാനത്തെ പച്ചക്കറി കർഷകർക്ക് അഞ്ചു കോടിയിലേറെ രൂപയാണ് വി.എഫ്.പി.സി.കെ നൽകാനുള്ളത്. പദ്ധതി നടത്തിപ്പിനും സബ്സിഡിക്കും പണമില്ലാതെ വലയുകയാണ് വി.എഫ്.പി.സി.കെ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2023 മുതൽ കൃത്യമായി പൊതുവിപണിക്ക് സബ്സിഡി ആനുകൂല്യത്തിന് അടക്കം സർക്കാർ ഫണ്ടനുവദിക്കുന്നില്ല. ഇതാണ് വി.എഫ്.പി.സി.കെ പ്രവർത്തനങ്ങൾ താളംതെറ്റാൻ കാരണം.

കർഷകർക്ക് സബ്സിഡി ആനൂകൂല്യങ്ങളോടെ വ്യാവസായികാടിസ്ഥാനത്തിൽ പഴം- പച്ചക്കറി കൃഷി, ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണി കണ്ടെത്താൻ മെച്ചപ്പെട്ട മാർഗ്ഗം, പച്ചക്കറി മിച്ച സംസ്ഥാനമെന്ന ആശയത്തിന് കരുത്ത് തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടാണ് വർഷങ്ങൾക്ക് മുമ്പ് കൃഷിവകുപ്പിന് കീഴിൽ വിഎഫ്‍പിസികെ ആരംഭിച്ചത്. എന്നാൽ, കഴിഞ്ഞ ഒരു വ‍ർഷത്തെ കാര്യം മാത്രം പരിശോധിച്ചാൽ വിഎഫ്‍പിസികെയിലെ താളപ്പിഴകളെക്കുറിച്ച് മാത്രമായിരിക്കും കർഷകർക്ക് പറയാനുണ്ടാകുക.

ഇടുക്കിയിൽ മാത്രം വിഎഫ്‍പിസികെയുടെ 19 സ്വാശ്രയ വിപണികളാണുള്ളത്. കർഷകർക്കുളള ഇൻസെൻറീവും സബ്സിഡിയുമായി നൽകാനുളളത് 15 ലക്ഷത്തോളം രൂപയാണ് ഇവിടെ നിന്ന് മാത്രം നൽകാനുള്ളത്. എന്നുകിട്ടുമെന്ന് ഉറപ്പില്ലെങ്കിലും മെച്ചപ്പെട്ട വിപണി സാധ്യത മാത്രം കണ്ടാണ് ഇന്നും കർഷകർ ഇവിടങ്ങളിൽ ഉത്പന്നങ്ങളെത്തിക്കുന്നത്.

ആവശ്യമുളള ഉദ്യോഗസ്ഥരെപ്പോലും നിയമിക്കാതെ, വിഎഫ് പിസികെ യെ സർക്കാർ വരിഞ്ഞുമുറുക്കുന്നെന്നും കർഷകർക്ക് പരാതിയുണ്ട്. കുടിശ്ശിക കിട്ടാക്കടമായതോടെ, വിഎഫ് പിസികെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങുകയാണ് കർഷകർ.
ഒരുവർഷത്തെ കുടിശ്ശികയെങ്കിലും തന്നുതീർക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 26നാണ് വിഎഫ്‍പിസികെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദ്യഘട്ട സമരം.

Leave a Reply

Your email address will not be published. Required fields are marked *