Your Image Description Your Image Description

ന്യൂഡൽഹി: വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ നടക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഏതു ഭാഷയും എളുപ്പത്തിൽ വഴങ്ങുന്ന പ്രിയങ്ക മലയാളം പഠനവും പതിയെ ആരംഭിച്ചതായാണ് വിവരം.

പ്രിയങ്ക ഗാന്ധി കൂടി ലോക്സഭയിലെത്തുന്നത് നെഹ്റു കുടുംബത്തിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തില്‍ പുതുചരിത്രം കുറിക്കും. ഇതാദ്യമായാണ് കുടുംബത്തിലെ മൂന്നംഗങ്ങള്‍ ഒരേ സമയം പാര്‍ലമെന്‍റംഗങ്ങളാവുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവു കൂടിയായ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദത്തിന് കരുത്തേറ്റും പ്രിയങ്കയുടെ സാന്നിധ്യമെന്ന് കോണ്‍ഗ്രസ് നേതൃത്വം.

രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ രാഹുൽ ഗാന്ധിയേക്കാൾ ബിജെപി ഭയക്കുന്നത് പ്രിയങ്കയെയാണ്. കുറഞ്ഞ വാക്കുകളിലെ പ്രിയങ്കയുടെ കടന്നാക്രമണം ബിജെപിയെ പല തവണപ്രതിരോധത്തിൽ ആക്കിയതാണ്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ കരുത്തുവര്‍ധിപ്പിച്ച കോണ്‍ഗ്രസ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സഭാതലത്തില്‍ യുദ്ധമുഖം തുറന്നിരിക്കുന്ന ഘട്ടത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റം. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രിയങ്ക ഗാന്ധി വയനാടിനായി എത്ര ശബ്ദമുയര്‍ത്തും എന്നതും പ്രധാനം

അതേസമയം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം ആകും. ഈ മാസം 25 മുതൽ ഡിസംബർ 20 വരെയാണ് പാർലമെന്റ് സമ്മേളനം. ഭരണഘടനാ രൂപവത്കരിച്ചതിന്റെ 75-ാം വാർഷികം പ്രമാണിച്ച് 26-ന് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ സംയുക്തസമ്മേളനം ചേരും. സർക്കാരിന്റെ നിയമനിർമാണ അജൻഡകളെക്കുറിച്ചും ചർച്ചചെയ്യാൻ പോകുന്ന മറ്റ് വിഷയങ്ങളെ സംബന്ധിച്ചും പ്രതിപക്ഷത്തെ മുൻകൂട്ടി അറിയിക്കുന്നതിന്റെ ഭാഗമായാണ് സംയുക്തസമ്മേളനം.

പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം. വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.

വയനാട്ടിൽ വിജയ കൊടി പാറിച്ച് പ്രിയങ്ക ഗാന്ധി

വയനാട് ലോക്സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 622338 വോട്ടുകള്‍ പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എൽഡിഎഫിന്‍റെ സത്യൻ മോകേരി 211407 വോട്ടുകളാണ് നേടിയത്. 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിനു ലഭിച്ചത്.

വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്ത വയനാടിന്റെ ചരിത്രം മാറിയത് 2019-ല്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെയാണ്. 2024-ല്‍ രാഹുല്‍ ഗാന്ധിയുടെ പിന്‍വാങ്ങലോടെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയുമ്പോള്‍ പകരം ആര് എന്ന ചോദ്യത്തിന് വയനാടിന് പറയാന്‍ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ പ്രിയങ്കാ ഗാന്ധി. അവസരങ്ങള്‍ നിരവധി ഉണ്ടായിട്ടും പാര്‍ലമെന്ററി രാഷ്ട്രീയത്തോട് മുഖം തിരിച്ച പ്രിയങ്ക വയനാട്ടില്‍ വന്നു മത്സരിക്കുമോ എന്നത് അപ്പോഴും ചോദ്യമായി. ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചയായി. ഒടുവില്‍ രാഹുല്‍ ഗാന്ധി തന്നെ പ്രഖ്യാപിച്ചു, വയനാട് ഞാന്‍ എന്റെ സഹോദരിയെ ഏല്‍പ്പിക്കുന്നു.

ഉത്തരേന്ത്യയില്‍ നിന്നുള്ള ഒളിച്ചോട്ടമായി പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിരാളികള്‍ വിമര്‍ശിച്ചപ്പോള്‍ ഇന്ത്യയില്‍ എവിടെയും മത്സരിക്കാന്‍ കഴിവും പ്രാപ്തിയുള്ള പ്രിയങ്ക വയനാടിനെ കന്നിയങ്കത്തിന് തിരഞ്ഞെടുത്തത് തങ്ങളുടെ സൗഭാഗ്യമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തി. 5 ലക്ഷം വോട്ടിന് പ്രിയങ്കാ ഗാന്ധിയെ ജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ദേശീയ നേതാക്കള്‍ ഉള്‍പ്പടെ ക്യാമ്പ് ചെയ്ത് സ്ഥാനാര്‍ഥി മണ്ഡലത്തില്‍ താമസിച്ച് നേരിട്ട് വോട്ടര്‍മാരെ കണ്ട് പ്രചരണം നടത്തി. പക്ഷെ, തിരഞ്ഞെടുപ്പ് ദിവസം കോണ്‍ഗ്രസിനും ആശങ്കകളുടേതായിരുന്നു. ആളൊഴിഞ്ഞ ബൂത്തുകള്‍ ആശങ്കയായി. നിഷ്പക്ഷ വോട്ടര്‍മാര്‍ എത്താത്തത് വെല്ലുവിളിയും. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിട്ട് പോലും പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

3.83 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള ആധികാരിക വിജയം. ആറ് ലക്ഷത്തോളം വോട്ട് നേടി പ്രിയങ്ക കൈവരിച്ച ആധികാരിക വിജയത്തിലേക്ക് വഴിതെളിച്ച ഘടകങ്ങൾ പലതാണ്. രാഷ്ട്രീയ വിഷയങ്ങളേക്കാൾ പ്രിയങ്ക ഗാന്ധിയുടെ കരിസ്മ തന്നെയാണ് വോട്ടൊഴുക്കിൽ നിർണായകമായതെന്ന് നിസ്തർക്കമാണ്. ഇന്ദിരയുടെ പൗത്രി, രാജീവിന്റെ പുത്രി, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം; പ്രചാരണത്തിനെത്തിയ പ്രിയങ്കയെ ആരാധനയോടെ വരവേൽക്കുകയായിരുന്നു വയനാട്ടുകാര്‍. ടെലിവിഷന്‍ സ്‌ക്രീനിലും പത്രത്താളുകളിലും സമൂഹമാധ്യമങ്ങളിലും മാത്രം കണ്ടിരുന്ന പ്രിയങ്കാ ഗാന്ധിയെ നേരിട്ട് കാണാനുള്ള ജനങ്ങളുടെ ആവേശത്തിന്റെ പ്രതിഫലനമായിരുന്നു നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിലെ ആദ്യ റോഡ് ഷോ മുതല്‍ പിന്നീട് അങ്ങോട്ട് പ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടികളെല്ലാം.

ദൂരെനിന്നെങ്കിലും പ്രിയങ്കയെ ഒന്നു കാണാന്‍, പറ്റിയാല്‍ ഒന്നു കൈകൊടുക്കാന്‍ ആളുകള്‍ തടിച്ചുകൂടി. കൈ കൂപ്പിയുള്ള ചിരിയിലൂടെ സൗമ്യമായ സംസാരത്തിലൂടെ വയനാടിനെ അവര്‍ കയ്യിലെടുത്തു. ഭാഷാ പരിമിതിയും മറികടന്ന് വയനാടിന്റെ പ്രശ്നങ്ങള്‍ വോട്ടര്‍മാരെ കണ്ട് ചോദിച്ചറിഞ്ഞു. ജനപ്രതിനിധിയാവാന്‍ അവസരം തന്നാല്‍ ഏത് പ്രശ്നങ്ങളും നമ്മള്‍ ഒരുമിച്ച് നിന്ന് നേരിടുമെന്ന് ഉറപ്പ് നല്‍കി. വെറുമൊരു വാഗ്ദാനമല്ലെന്ന് ബോധ്യപ്പെടുത്താന്‍ വയനാട്ടില്‍തന്നെ ക്യാമ്പ് ചെയ്ത് പ്രചരണവും നടത്തി.

ആര്‍ക്കുവോട്ട് ചെയ്യുമെന്ന് ചോദിച്ചാല്‍ പ്രിയങ്കയ്ക്കെന്ന് വയനാട്ടിലെ ഭൂരിഭാഗം വോട്ടര്‍മാരും ഉറപ്പിച്ചു പറഞ്ഞു. എന്തുകൊണ്ട് പ്രിയങ്ക എന്ന ചോദ്യത്തെ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രണ്ട് മഹാത്മക്കളുടെ പിന്‍മുറക്കാരി എന്നതിനേക്കാള്‍ മറ്റെന്ത് എന്ന മറുചോദ്യംകൊണ്ട് അവർ നേരിട്ടു. രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്ന കാര്യം മറച്ചുവെച്ച് വയനാടിനെ കബളിപ്പിച്ചെന്നും അഞ്ചുകൊല്ലം എം പി ആയിരുന്നിട്ടും വയനാട്ടില്‍ അതിഥിയായി മാത്രം രാഹുല്‍ ഗാന്ധി വന്നുപോയെന്നും പ്രിയങ്കയും വയനാടിനൊപ്പം നില്‍ക്കില്ലെന്നും എതിരാളികള്‍ പ്രചരിപ്പിച്ചിട്ടും വോട്ടര്‍മാരുടെ മനസ്സ് മാറിയില്ല.

എന്റെ സഹോദരിയെക്കാള്‍ മികച്ച ഒരു ജനപ്രതിനിധിയെ വയനാടിന് സമ്മാനിക്കാനില്ലെന്നും പ്രിയങ്ക ജയിച്ചാല്‍ വയനാടിന് രണ്ട് എംപിമാരുണ്ടാകുമെന്നുള്ള രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം കൂടിയായതോടെ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയ്ക്ക് കടമ്പകളില്ലാതായി. വയനാട്ടിലെ ജന മനസ്സുകളില്‍ ഏറെ സ്വാധീനമുള്ള സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ത്ഥിത്വം പോലും അവസാന ഘട്ടങ്ങളില്‍ പ്രിയങ്കയുടെ പ്രഭാവത്തിനുമുമ്പില്‍ നിഷ്പ്രഭമായി. പരസ്യപ്രചാരണത്തിന്റെ അവസാനം മലയാളത്തില്‍ സംസാരം തുടങ്ങിയ പ്രിയങ്ക മലയാളം പഠിക്കുമെന്ന് കൂടി പ്രഖ്യാപിച്ചു. വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും പ്രചാരണത്തിന്റെ ആദ്യാവസാനം വയനാട്ടിലെ സാധാരണക്കാരെ കയ്യിലെടുക്കാന്‍ പ്രിയങ്കാ ഗാന്ധിയ്ക്ക് സാധിച്ചു എന്നത് ഇപ്പോഴത്തെ വൻ ഭൂരിപക്ഷത്തിലേയ്ക്കെത്തുന്നതിൽ നിർണായകമായി.

അഞ്ചുമാസത്തിനുശേഷം വീണ്ടുമെത്തിയ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിലെത്തിക്കാനായിരുന്നു യു.ഡി.എഫിന്റെ തന്ത്രങ്ങള്‍. ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറയാനുള്ള സാധ്യത മറികടക്കാനുള്ള തന്ത്രങ്ങളും ആവിഷ്‌കരിച്ചു. എന്നാൽ, വോട്ടിങ്ങിലെ കുറവ് ആ പ്രതിക്ഷയ്ക്ക് മങ്ങലുണ്ടാക്കി. 10 ശതമാനത്തോളം പോളിങ് കുറഞ്ഞു.

2019-ല്‍ വയനാട്ടില്‍ ആദ്യ മത്സരത്തില്‍ 4.31 ലക്ഷം വോട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം. 2024-ല്‍ ഭൂരിപക്ഷം 3.64 വോട്ടായി കുറഞ്ഞു. രാഹുലിന്‍റെ ചരിത്ര ഭൂരിപക്ഷം മറികടക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നെങ്കിലും വോട്ടിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയായി. എന്നാൽ, രാഹുലിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. 5,78,000-ൽ അധികം വോട്ടുകളാണ് പ്രിയങ്ക നേടിയ ആകെ വോട്ടുകൾ. തൊട്ടുപിന്നിലുള്ള സ്ഥാനാർഥിയേക്കാൾ 3,83,000 വോട്ടുകളുടെ ഭൂരിപക്ഷം.

തൊട്ടുപിന്നിലുള്ള സത്യന്‍ മൊകേരിക്ക് രണ്ടുലക്ഷത്തോളം വോട്ടുകളാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് നേടിയത് ഒരുലക്ഷത്തിനുമേല്‍ വോട്ടുകളും. അവസാന കണക്കുകള്‍ ലഭ്യമായിട്ടില്ലെങ്കിലും 65 ശതമാനം വോട്ടുകള്‍ നേടാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് നേടാനായത് 22 ശതമാനമാണ്.

ഇനി വയനാടിന്റെ എംപി പ്രിയങ്കയ്ക്ക് മുന്നില്‍ വെല്ലുവിളികളേറെയാണ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി അവതരിപ്പിച്ചാണ് 2019-ല്‍ കോണ്‍ഗ്രസ് വയനാട്ടില്‍ വലിയ തംരംഗമുണ്ടാക്കിയത്. പക്ഷേ, വയനാടിന് വേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ രാഹുല്‍ഗാന്ധിക്കായില്ല എന്ന വിമര്‍ശനം പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നു. വിസിറ്റിങ് എംപി എന്ന പേരും ചര്‍ച്ചയായി. ഈ വിമര്‍ശനങ്ങളുടെ കൂടി പ്രതിഫലനമായിരുന്നു 2024ലെ തിരഞ്ഞെടുപ്പ് ഫലം. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടാം അങ്കത്തില്‍ മൂന്ന് ലക്ഷത്തിലേക്ക് താഴ്ന്നു. ഇതിന് പിന്നാലെ മണ്ഡലവും ഉപേക്ഷിച്ചു. വയനാടിന് ഇനി രണ്ട് എംപിമാരുടെ സേവനം ഉണ്ടാവും എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കൊണ്ട് മാത്രം മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയ്ക്ക് പിടിച്ച് നില്‍ക്കാനാവില്ല. വയനാടിന്റെ വികസന പ്രശ്നങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടില്ല എന്ന് പ്രചാരണവും പ്രിയങ്കയ്ക്ക് മറികടക്കേണ്ടതുണ്ട്. വയനാട്ടില്‍ സമയം ചെലവഴിച്ച് വയനാടിന്റെ വികസനത്തിന് വേണ്ടി പ്രിയങ്കയ്ക്ക് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് വിലയിരത്തലാകും ഒപ്പം പാര്‍ലമെന്റ് അംഗമായി എങ്ങനെ അവര്‍ക്ക് ശോഭിക്കാനാകും എന്നതും മണ്ഡലം ഉറ്റുനോക്കുന്നു. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം എത്തിക്കലും പ്രിയങ്കയ്ക്ക് വെല്ലുവിളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *