Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യയിലെ പ്ലാൻ്റുകളിലേക്ക് തൊഴിലാളികളെ നിയമിക്കുമ്പോൾ പരസ്യത്തിൽ നിന്നും പ്രായം, ലിംഗഭേദം, വൈവാഹിക സ്റ്റാറ്റസ് എന്നിവ ഒഴിവാക്കണമെന്ന് റിക്രൂട്ടർമാരോട് ആവശ്യപ്പെട്ട് ഫോക്സ്കോൺ. ജോലി നിയമനവുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്യണമെന്നും കമ്പനി നിർദേശിച്ചിട്ടുണ്ട്. ആപ്പിൾ ഐഫോണിൻ്റെ അസംബ്ലിങ്ങ് അടക്കം ചെയ്യുന്ന ഇലക്ട്രോണിക്സ് കരാർ കമ്പനിയാണ് ഫോക്സ്കോൺ.

ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലുള്ള പ്ലാൻ്റിൻ്റെ ഉദ്യോഗാർത്ഥികളെ ആദ്യം കണ്ടെത്താനും വിവരങ്ങൾ പരിശോധിക്കാനും കമ്പനി ഒരു തേർഡ് പാർട്ടി സ്ഥാപനത്തെ ഫോക്സ്കോൺ ചുമതലപ്പെടുത്തിയിരുന്നു. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ പിന്നീട് അഭിമുഖം നടത്തി ഫോക്സ്‌കോൺ റിക്രൂട്ട് ചെയ്യും.

സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിൽ കമ്പനിയുടെ ഭാ​ഗത്തുനിന്നുണ്ടായ വിവേചനപരമായ രീതികൾ ജൂണിലാണ് ആദ്യം പുറത്തുവന്നത്. 2023 ജനുവരിക്കും 2024 മെയ് മാസത്തിനും ഇടയിൽ ഏജൻ്റുമാരെ നിയമിക്കുന്നതിനായി പുറത്തിറക്കിയ പരസ്യത്തിൽ സ്‌മാർട്ട്‌ഫോൺ അസംബ്ലി ജോലിക്കായി നിശ്ചിത പ്രായത്തിലുള്ള അവിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ അർഹതയുള്ളൂ എന്ന മാനദണ്ഡമായിരുന്നു അവർ മുന്നോട്ടുവെച്ചത്. റോയിട്ടേഴ്സ് നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

സാംസ്കാരികവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് വിവാഹിതരായ സ്ത്രീകൾക്കുള്ളത്. ഇത് അവരുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അവിവാഹിതരായ സ്ത്രീകൾക്ക് മുൻ​ഗണന കമ്പനി നൽകിവന്നത് എന്ന് സ്ഥാപനത്തിലെ മുൻ ജീവനക്കാരി പറഞ്ഞു.

അതേസമയം ആരോപണങ്ങൾ കമ്പനി നിഷേധിച്ചു. തങ്ങളുടെ ഏറ്റവും പുതിയ നിയമനങ്ങളിൽ ഏകദേശം 25 ശതമാനം സ്ത്രീകളും വിവാഹിതരാണെന്നാണ് കമ്പനിയുടെ വിശദീകരണം. ജോലി ചെയ്യുമ്പോൾ വിവാഹിതരായ സ്ത്രീകൾ ആഭരണങ്ങൾ ധരിക്കുന്നത് അനുവദനീയമാണെന്നും കമ്പനി പറഞ്ഞു. സംഭവത്തിൽ റിക്രൂട്ട്മെൻ്റ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി. ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *