Your Image Description Your Image Description

ആലപ്പുഴ : വിദ്യാര്‍ഥികള്‍ക്ക് ഒരു ത്രില്ലര്‍ സിനിമ കാണുന്ന ആവേശമായിരുന്നു ഗഗന്‍യാന്‍ പ്രൊജക്ട് ഡയറക്ടര്‍ ഡോ. എം മോഹന്‍ ഗഗന്‍യാന്‍ നിര്‍മാണവും ലോഞ്ചിങ്ങും ലാന്‍ഡിങ്ങുമൊക്കെ ആനിമേഷന്‍ വീഡിയോയിലൂടെ ശാസ്ത്ര സംവാദ സദസ്സിലെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍.

സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ശാസ്ത്രസംവാദത്തിന്റെ രണ്ടാം ദിനം ഇന്ത്യയുടെ അഭിമാനമായ മനുഷ്യ ബഹിരാകാശ യാത്രാപദ്ധതിയായ ഗഗന്‍യാന്‍, ഐ എസ് ആര്‍ ഒ യുടെ പ്രവര്‍ത്തനങ്ങള്‍, റോക്കറ്റ് വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങള്‍, ഉപഗ്രഹങ്ങളുടെ ഉപയോഗം തുടങ്ങി ഒട്ടേറെ ബഹിരാകാശ അറിവുകളാണ് വീഡിയോ സഹായത്തോടെ ലളിതമായി ഡോ. എം മോഹന്‍ വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചുകൊടുത്തത്.

ഞായറാഴ്ചയായിട്ടും കുട്ടികളെയും രക്ഷകര്‍ത്താക്കളെയും അധ്യാപകരെയുംകൊണ്ട് നിറഞ്ഞ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈജ്ഞാനിക മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തിലാണ് ആലപ്പുഴക്കാരന്‍ കൂടിയായ ഡോ. മോഹന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചത്.

കേരളത്തിലെ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും സ്ഥിരമായി തിരഞ്ഞെടുക്കുന്ന ഡോക്ടര്‍, എഞ്ചിനീയര്‍ തൊഴില്‍ മേഖലകളില്‍ മാത്രമായി കരിയര്‍ അന്വേഷണം ഒതുക്കാതെ ആധുനിക കാലഘട്ടത്തില്‍ അനന്തമായ തൊഴില്‍ സാധ്യതകളുള്ള പുതിയ മേഖലകളിലേക്ക് അഭിരുചിക്കനുസരിച്ച് ഇറങ്ങി ചെണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.

ടൂറിസം, ഐടി, ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍സ്, റിന്യൂവബിള്‍ എനര്‍ജി എന്നിവ കൂടാതെ ആരോഗ്യ രംഗത്തെ നിര്‍മിതബുദ്ധിയുടെ ഉപയോഗമടക്കം മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ കരിയര്‍ മേഖല തിരഞ്ഞെടുക്കണമെന്നും അതിനായി രക്ഷകര്‍ത്താക്കളും അധ്യാപകരും പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യോത്തരവേളയില്‍ കുട്ടികളുടെ ഓരോ ചോദ്യത്തിനും ലളിതമായും രസകരവുമായാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഗഗന്‍യാന്‍ പദ്ധതിയില്‍ ബഹിരാകാശ യാത്രികനാകാനുള്ള മാനദണ്ഡങ്ങളെ പറ്റി ഒരു വിദ്യാര്‍ഥി ചോദിച്ചപ്പോള്‍ ഗഗയാന്‍ പദ്ധതി കൊണ്ട് ഇന്ത്യക്കെന്ത് നേട്ടമെന്നായി മറ്റൊരു ചോദ്യം. പലവിധ ഗവേഷണങ്ങള്‍ക്കും ചന്ദ്രനില്‍ വെള്ളം ഉണ്ടന്ന് കണ്ടെത്തിയത് പോലെ ഒട്ടേറെ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും ഇത്തരം ദൗത്യങ്ങള്‍ വഴികാട്ടുമെന്നായിരുന്നു മറുപടി.

ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യത്തെക്കുറിച്ചും കുട്ടികളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. ബഹിരാകാശ യാത്രികരെ സുരക്ഷിതരായി കൊണ്ടുപോയി തിരികെ എത്തിക്കുക എന്നതാണ് ഗഗയാന്‍ പദ്ധതിയുടെ പ്രധാന ദൗത്യമെന്നും ആരോഗ്യസുരക്ഷക്ക് കൃത്യമായ തയ്യാറെടുപ്പുകള്‍ ഉണ്ടെന്നും ഡോ. എം മോഹന്‍ വിശദീകരിച്ചു.

ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ 2035 ഓടെ കമ്മീഷന്‍ ചെയ്യാനാവുമെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ മുന്‍ ഡയറക്ടറായ ഡോ. രാമകൃഷ്ണനും നിലവിലെ ഐഎസ്ആര്‍ഒ ചെയര്‍മാനായ ഡോ. എസ് സോമനാഥുമാണ് ഔദ്യോഗിക ജീവിതത്തില്‍ ഏറെ പ്രചോദനമായ രണ്ട് വ്യക്തിത്വങ്ങളെന്ന് ഡോ. മോഹന്‍ അനുസ്മരിച്ചു. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ് ഡോ. എം മോഹനെ പൊന്നാട അണിയിച്ച് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *