കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. 2018-ൽ കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായെ ‘കൊലയാളി’ എന്ന് വിശേഷിപ്പിച്ചതിനെതിരെ ബിജെപി പ്രവർത്തകനായ വിജയ് മിശ്ര നൽകിയ മാനനഷ്ടക്കേസിലാണ് കോടതി നടപടി. കേസിൽ വിചാരണ നടപടികളുടെ ഭാഗമായി രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ ഈ കേസിൽ 2024 ഫെബ്രുവരിയിൽ രാഹുൽ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. സമാന പരാമര്‍ശത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. വിചാരണ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ കോടതി സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നുണ്ട്.
