Your Image Description Your Image Description

ആലപ്പുഴ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിച്ചത്. ആത്മകഥ വിവാദത്തിൽ ഇപി ജയരാജനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ടും മുഖ്യമന്ത്രി രംഗത്തെത്തി. പി സരിനെ ഇപി ജയരാജന് അറിയുക പോലുമില്ലായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.

വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അത് യുഡിഎഫിനെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെയും പിണറായി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ ധനസഹായം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫും എൽഡിഎഫും 19ന് ഹര്‍ത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ചുകൊണ്ട് പിണറായി വിജയൻ രംഗത്തെത്തിയത്.

പ്രളയം വന്നപ്പോൾ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. ഇതിനെതിരെ കോൺഗ്രസ് മിണ്ടിയില്ല. വയനാട് ദുരന്തം ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. അതിൽ നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്തു. എന്നാൽ, കേന്ദ്രം മറ്റു സംസ്ഥങ്ങള്‍ക്ക് സഹായം നല്കി. എന്നിട്ടും കേരളത്തിന് സഹായമില്ല. നമ്മൾ എന്താ ഇന്ത്യക്ക് പുറത്തുള്ളവർ ആണോയെന്നും പിണറായി വിജയൻ ചോദിച്ചു. വലതുപക്ഷ മാധ്യമങ്ങളും ചർച്ചക്കാരും പറഞ്ഞത്, കേരളം കൊടുത്തത് കള്ള കണക്ക് ആണെന്നാണ്. ഇതാണോ നാടിന് വേണ്ടിയുള്ള മാധ്യമ പ്രവർത്തനമെന്നും പിണറായി വിമര്‍ശിച്ചു.

മോദിയെക്കാളും അമേരിക്കയെ പ്രീണിപ്പിക്കുന്ന നയമാണ് രാഹുൽ ഗാന്ധിയുടെത്. രാഹുൽ അമേരിക്ക സന്ദർശിച്ചപ്പോൾ അതാണ് ചെയ്തത്. ഇതാണ് കോൺഗ്രസിന്‍റെ പൊതു സമീപനം. അമേരിക്കൻ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അമേരിക്കൻ അനുകൂല നിലപാട് ഇപ്പോൾ ബി ജെ പി സ്വീകരിക്കുന്നു. ഇത് കോൺഗ്രസ് തുടർന്ന് വന്ന നയമാണ്. ഇവിടെയും അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *