Your Image Description Your Image Description

ഡെറാഡൂൺ: ആറു വിദ്യാർത്ഥികളുടെ ജീവനെടുത്ത ദാരുണമായ ഡെറാഡൂൺ അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ടത്തിലെ ഒരാൾ കാർ വാങ്ങിയതിനെ തുടർന്നുള്ള പാർട്ടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. അപകടത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. ഗുനീത് (19), നവ്യ ഗോയൽ (23), കാമാക്ഷി (20), കുനാൽ കുക്രേജ (23), അതുൽ അഗർവാൾ (24), റിഷഭ് ജെയിൻ (24) എന്നിവരാണ് മരിച്ചത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ പരാതിയുമായി രം​ഗത്തെത്തിയില്ല. അപകടത്തിൽപ്പെട്ട സിദ്ധേഷ് എന്ന വിദ്യാർഥി സംസാരിക്കുന്ന അവസ്ഥയിൽ എത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂവെന്നാണ് പൊലീസ് പറയുന്നത്. പാർട്ടിയിൽ ഇവർ ഉപയോ​ഗിച്ചതെന്തൊക്കെയാണെന്നതിലും അന്വേഷണം പുരോ​ഗമിക്കുകയാണ്.

ട്രക്ക് ഡ്രൈവറുടെ ഭാ​ഗത്ത് തെറ്റില്ലെന്നും പൊലീസ് പറഞ്ഞു. 19നും 24നും ഇടയിൽ പ്രായമുള്ള മൂന്ന് യുവാക്കളും മൂന്ന് യുവതികളുമാണ് മരിച്ചത്. കാറോടിച്ചിരുന്ന 25കാരനായ യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഡെറാണൂറിലെ ഒഎൻജിസി ചൗക്കിൽ തിങ്കളാഴ്ച പുലർച്ചെ 1.30ന് ആയിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ. കാർ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു . യാത്രയ്ക്കിടെ ഒരു ആഡംബര കാർ ഇവരുടെ വാഹനത്തെ അതിവേഗത്തിൽ ഓവർടേക്ക് ചെയ്തു.

ഇത് കണ്ട് ആ കാറിനെ പിന്നിലാക്കാൻ ഇവ‍ർ വീണ്ടും വേഗത വർധിപ്പിച്ചു. പിന്നീട് മത്സരയോട്ടമായി. ഇതിനിടെ ഒരു ജംഗ്ഷനിൽ വച്ച് ട്രക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്നു. സാധാരണ വേഗതയിൽ തന്നെയാണ് ട്രക്ക് ഓടിയിരുന്നതെങ്കിലും ട്രക്ക് റോഡിലേക്ക് എത്തുന്നതിന് മുമ്പ് അപ്പുറം കടക്കാനായിരുന്നു കാറോടിച്ചിരുന്നയാളുടെ ശ്രമം.

ഇത് പരാജയപ്പെട്ട് കാർ ട്രക്കിന്റെ ഇടതുവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. മരണപ്പെട്ട എല്ലാവരും ഡെറാഡൂണിലെ വ്യാപാര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. രണ്ട് പേർ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളുമാണ്.

അതേസമയം അപകടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയായ എക്സിൽ നിന്നും റിമൂവ് ചെയ്തു. ഉള്ളടക്ക നയം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാർത്ഥികൾ സഞ്ചരിച്ച ഇന്നോവയും ട്രക്കും കൂട്ടിയിടിച്ച് ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. പുലർച്ചെ ഒന്നരയോടെ അമിത വേഗതയിൽ എത്തിയ ഇന്നോവ ട്രക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ഇന്നോവ തവിടുപൊടിയായിരുന്നു.

മരണപ്പെട്ടവരുടെ ശരീരഭാഗങ്ങൾ റോഡിന് കുറുകെ ചിതറിക്കിടക്കുന്ന ഭയാനകവും ഭീകരതയും നിറയ്ക്കുന്ന ദൃശ്യങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. രക്തം മറയ്ക്കാതെയുള്ളതും മരിച്ചവരുടെ ഐഡൻ്റിറ്റി വെളിപ്പെടുന്നുന്നതുമായ ദൃശ്യങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. ഇങ്ങനെ ചെയ്തിട്ടുള്ള വീഡിയോകൾ ഇപ്പോഴും എക്സിൽ തുടരുന്നുണ്ട്.

ചൗഹാൻ എന്ന പേരിലുള്ള ഉപയോക്താവിനോട് വീഡിയോ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് എക്സ് അധികൃതർ നൽകിയ നിർദേശത്തിൻ്റെ സ്ക്രീൻ ഷോട്ട് അദ്ദേഹം പങ്കിട്ടു. അക്കൗണ്ടിൽ പോസ്റ്റു ചെയ്തിട്ടുള്ള വീഡിയോ ഉള്ളടക്ക നയങ്ങൾ ലംഘിച്ചതായി എക്സ് അതിൽ ചൂണ്ടിക്കാട്ടിയിരുന്നു. താൻ വീഡിയോ നീക്കം ചെയ്തതായും മാപ്പു ചോദിക്കുന്നതായും ചൗഹാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. എല്ലാവരും ക്ഷമിക്കണമെന്നും എല്ലാവരോടും ക്ഷമിക്കണം, കൂടാതെ സെൻസിറ്റീവ് കാര്യങ്ങൾ കാണിക്കുന്ന വീഡിയോ ബ്ലർ ചെയ്യാൻ താൻ മറന്നു പോയെന്നും അദ്ദേഹം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *