Your Image Description Your Image Description

എറണാകുളം : ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം കുട്ടിക്കാലമാണ് . ശിശു ദിനത്തില്‍ കുട്ടികളുടെ കയ്യിലുള്ള പനിനീര്‍ പൂക്കള്‍ ചാച്ചാജിയോടുള്ള താല്‍പര്യവും സ്നേഹവുമാണു പ്രകടമാക്കുന്നതെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ രാജേന്ദ്ര മൈതാനത്ത് നടന്ന ശിശുദിനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതു സമ്മേളനത്തില്‍ ശിശുദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

എല്ലാവരും നല്ല മനുഷ്യരായി ജീവിക്കുക എന്നത് കാലത്തിന്റെ ആവശ്യമാണ്. ജാതിമത ചിന്തകള്‍ക്ക് അതീതമായി മറ്റുള്ളവരെ സ്നേഹിക്കുന്നവരും പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നവരും ആകണം കുഞ്ഞുങ്ങള്‍. ലഹരിക്കും സമൂഹത്തിലെ മറ്റ് മോശം പ്രവണതകള്‍ക്കെതിരെയും പ്രതികരിക്കുന്ന ഉത്തരവാദിത്വമുള്ളവരായി കുഞ്ഞുങ്ങള്‍ മാറണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ സംഗമത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്പീക്കറും എല്ലാം പെണ്‍കുട്ടികളായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി രാജേന്ദ്ര മൈദാനത്ത് സമാപിച്ച റാലി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി ജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പൊതു സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അമയ ലൈജു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ രാഷ്ട്രപതി അമിയ സുമി സജി അധ്യക്ഷയായി. കുട്ടികളുടെ സ്പീക്കര്‍ മേരി ശ്രദ്ധ മുഖ്യപ്രഭാഷണം നടത്തി.

കണ്ണൂര്‍ കണ്ണാടിപറമ്പ് ഗവണ്‍മെന്റ് എച്ച് എസ് എസ് വിദ്യാര്‍ത്ഥിയായ ബി നന്മയ വരച്ച ശിശുദിന സ്റ്റാമ്പ് ജില്ലാ സ്പെഷല്‍ ജഡ്ജ് പ്രിന്‍സിപ്പിള്‍ ഹണി എം വര്‍ഗീസ് പ്രകാശനം ചെയ്തു. പ്രസംഗ വിജയികള്‍ക്കുള്ള സമ്മാനദാനം കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ യും രചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ടി ജെ വിനോദ് എംഎല്‍എ യും നിര്‍വഹിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *