Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പൾമണറി മെഡിസിൻ 2 സീറ്റ്, എംഡി അനസ്തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കൽ കോളേജിൽ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, ഗവേഷണം എന്നിവയിൽ കൂടുതൽ വിദഗ്ധ സേവനം ലഭ്യമാക്കാനാകും. ഇതോടെ ഈ സർക്കാർ വന്ന ശേഷം പുതുതായി 92 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി നേടിയെടുക്കാനായി. കൂടുതൽ വിഭാഗങ്ങൾക്ക് പിജി സീറ്റുകൾ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ് ആരംഭിക്കാനുള്ള അനുമതി ലഭിക്കുന്നത്. കുട്ടികളുടെ വൃക്ക രോഗങ്ങൾ, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നിവയിൽ പരിശീലനം നൽകി വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിച്ചെടുക്കാൻ ഇതിലൂടെ സാധിക്കുന്നു. രാജ്യത്ത് തന്നെ ഈ മേഖലയിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതിനാൽ തന്നെ കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരെ സൃഷ്ടിക്കാൻ ഇതിലൂടെ സഹായിക്കും.

പീഡിയാട്രിക് നെഫ്രോളജി പ്രത്യേക വിഭാഗമുള്ള സംസ്ഥാനത്തെ ഏക മെഡിക്കൽ കോളേജ് കൂടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. എസ്.എ.ടി. ആശുപത്രിയിലാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രവർത്തിക്കുന്നത്. ഡിഎം പീഡിയാട്രിക് നെഫ്രോളജി തുടങ്ങുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാധ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ശ്വാസകോശ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സാണ് ഡിഎം പൾമണറി മെഡിസിൻ. നിദ്ര ശ്വസന രോഗങ്ങളും ക്രിട്ടിക്കൽ കെയറും ഇന്റർവെൻഷണൽ പൾമണോളജിയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. മാത്രമല്ല ഗവേഷണ രംഗത്തും ഏറെ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവിൽ സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ഡിഎം പൾമണറി മെഡിസിൻ സീറ്റ് മാത്രമാണുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് കൂടി അനുമതി ലഭ്യമായതോടെ ഈ രംഗത്ത് കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനാകും.

അനസ്തേഷ്യാ രംഗത്തും സൈക്യാട്രി രംഗത്തും കൂടുതൽ പിജി സീറ്റുകൾ ലഭിച്ചതോടെ ഈ രംഗങ്ങളിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കുന്നു. മെഡിക്കൽ കോളേജുകളിൽ സർക്കാർ നടത്തി വരുന്ന വികസന പ്രവർത്തനങ്ങളുടെ ഫലം കൂടിയാണിത്. എത്രയും വേഗം ഈ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *