Your Image Description Your Image Description

ഇടുക്കി: കുടുംബശ്രീയുടെ മികച്ച സംരംഭത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ കുടുംബശ്രീ സംരംഭം കടബാധ്യതയെതുടർന്ന് അടച്ചുപൂട്ടി. അധികൃതരുടെ കെടുകാര്യസ്ഥത മൂലമാണ് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായതെന്നാണ് ആരോപണം. വളരെ മികച്ച രീതിയിൽ നടന്നുവന്നിരുന്ന സംരംഭമായിരുന്ന ബൈസൺവാലിയിലെ ഫേമസ് ബേക്കറിയാണ് അടച്ചുപൂട്ടേണ്ടി വന്നത്.

ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ അഭാവവും മാനേജർക്ക് തൊഴിൽ പരിചയം ഇല്ലാതിരുന്നതുമാണ് സംരംഭം തകരാൻ കാരണമായി കുടുംബശ്രീ അംഗങ്ങൾ ആരോപിക്കുന്നത്.

ബൈസൺവാലി പഞ്ചായത്തിലെ സിഡിഎസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി 2013 ലാണ് പഞ്ചായത്ത് ഓഫീസിനടുത്ത് ഫേമസ് ബേക്കറി പ്രവർത്തനമാരംഭിച്ചത്. 80 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് കെട്ടിടം നിർമിച്ചു നൽകി. ഗുണനിലവാരമുള്ള ബേക്കറി ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിച്ചതോടെ ഫേമസ് ബേക്കറി ജില്ലയിലെ മികച്ച സംരംഭങ്ങളിൽ ഒന്നായി മാറി. 2018 ൽ കുടുംബശ്രീയുടെ മികച്ച സംരംഭത്തിനുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡും കരസ്ഥമാക്കി.

എന്നാൽ ലക്ഷങ്ങളുടെ കട ബാധ്യത മൂലം ബേക്കറി അടച്ചു പൂട്ടി. വിവിധ ബാങ്കുകളിലായി ഒരു കോടി രൂപയിലധികം തിരിച്ചടക്കാനുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ കേരള ബാങ്കിൽ നിന്നെടുത്ത ലക്ഷങ്ങളുടെ വായ്പ അടച്ച് തീർക്കേണ്ട ബാധ്യത കുടുംബശ്രീ അംഗങ്ങൾക്കായി. ഇതോടെ 25 ലക്ഷം രൂപയുടെ കടക്കെണിയിലാണ് താനെന്ന് കുടുംബശ്രീ അംഗം ആലീസ് ബെന്നി പറഞ്ഞു. മൈദ, പഞ്ചസാര അടക്കം പലചരക്ക് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ വിവിധ വ്യാപാര സ്ഥാപനങ്ങൾക്കും ലക്ഷങ്ങൾ നൽകാനുണ്ട്.

ഇതേസമയം ബേക്കറി സ്വകാര്യ വ്യക്തികൾക്ക് കൈമാറാനുളള ശ്രമവും നടന്നു. ഇതെത്തുടർന്ന യുഡിഎഫ് സമരവും ആരംഭിച്ചു. 20ലധികം സ്ത്രീകളുടെ വരുമാനം മാർഗ്ഗമായിരുന്ന ഈ സ്ഥാപനം തകർത്തതിൽ വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യമുയർന്നു.

Leave a Reply

Your email address will not be published. Required fields are marked *