Your Image Description Your Image Description

മൊബൈൽ ഫോണുകളെ അപേക്ഷിച്ച് പേജറുകൾക്ക് അപകട സാധ്യത തീരെ കുറവാണെന്നു കരുതിയാണ് ഹിസ്ബുള്ള മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് പേജറുകൾ ഉപയോ​ഗിക്കാൻ തുടങ്ങിയത്. മൊബൈൽ ഫോണിലൂടെ ഇസ്രയേൽ വിവരങ്ങൾ ചോർത്തുന്നതിന് തടയിടാനുള്ള ഈ ശ്രമം പക്ഷേ വലിയ ദുരന്തത്തിലാണ് കലാശിച്ചത്. തങ്ങൾ കൊണ്ടു നടക്കുന്ന ഫോൺ എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ ഇത് ലോകത്തെമ്പാടുമുള്ള ആളുകളിൽ ഭീതി പരത്തി.

ദീര്‍ഘനാളായി ഉയര്‍ന്നുവരുന്ന ഇന്ത്യയിലെ വോട്ടിങ് മെഷീനെ സംബന്ധിച്ചുള്ള ആശങ്കയും ചിലര്‍ ഇതോടൊപ്പം ഉയര്‍ത്തിക്കാട്ടുകയുണ്ടായി.
പേജറുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം) എന്തുകൊണ്ട് ഹാക്ക് ചെയ്തുകൂടായെന്നാണ് ചോദ്യം. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിന് മറുപടി നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് പ്രതികരണം നടത്തിയത്.

‘പേജറുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയില്ല? ഇങ്ങനെയും ആളുകള്‍ ചോദിക്കുന്നുണ്ട്, പേജറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ട്, ഇവിഎമ്മുകള്‍ ബന്ധിപ്പിച്ചിട്ടില്ല’ ഇതാണ് മറുപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് ഉന്നയിച്ച ഇവിഎമ്മിലെ ബാറ്ററിയുടെ ചാര്‍ജ് സംബന്ധിച്ച ആരോപണത്തിനും കമ്മിഷണര്‍ മറുപടി നല്‍കി. 90 ശതമാനം ചാര്‍ജുണ്ടായിരുന്ന ഇവിഎമ്മിലെ വോട്ടുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നായിരുന്നു പ്രധാന ആരോപണം.

ഇവിഎമ്മുകളില്‍ ഘടിപ്പിക്കുന്ന ബാറ്ററികള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാറ്ററികളാണെന്നും ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ സാക്ഷ്യംവഹിച്ചാണ് ബാറ്ററി ഇന്‍സ്റ്റാള്‍ ചെയ്യുന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ വിശദീകരിച്ചു.

‘ഇത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാറ്ററിയാണ്. കാല്‍ക്കുലേറ്റര്‍ പോലെ, ദിവസവും ചാര്‍ജ് ചെയ്യാവുന്ന മൊബൈല്‍ പോലെ അല്ല ഇത്. ഒരു ബാറ്ററി ഉപയോഗിച്ച് അഞ്ചുവര്‍ഷത്തോളം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഒരു മെഷീന്‍ പുറത്തിറക്കുമ്പോള്‍, വോട്ടെടുപ്പിന്റെ അഞ്ചോ ആറോ ദിവസം മുമ്പായിട്ടാണ് അതില്‍ ബാറ്ററി ഇടുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇത് നടക്കുന്നത്’ രാജീവ് കുമാര്‍ പറഞ്ഞു.

വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷവും ഇവിഎമ്മുകള്‍ക്ക് ത്രിതല സുരക്ഷയാണ് നൽകുന്നത്. അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും ക്യാമറാ സംവിധാനങ്ങളുടെയുമെല്ലാം നീരീക്ഷണത്തിലായിരിക്കും ഇവിഎമ്മുകൾ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *