Your Image Description Your Image Description

കൊച്ചി: മഹാരാജാസ് കോളേജിന്റെ ഓട്ടോണോമസ് പദവി നീട്ടി നൽകിയിട്ടില്ലെന്ന് യുജിസി. അംഗീകാരം 2020 മാർച്ച്‌ വരെ മാത്രമാണെന്നാണ് റിപ്പോർട്ട്. ഓട്ടോണമസ് പദവി നീട്ടി നൽകുന്നതിനായി കോളേജ് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും യു ജി സി വ്യക്തമാക്കുന്നു. വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. ഓട്ടണോമസ് പദവി നഷ്ടമായതോടെ 2020 മാർച്ചിന് ശേഷം കോളേജ് നടത്തിയ പരീക്ഷകൾ അസാധുവാകും.

കോളേജിന്റെ ഓട്ടോണമസ് പദവിയുമായി ബന്ധപ്പെട്ട് വാദ പ്രതിവാദങ്ങൾ നടന്നിരുന്നു. എന്നാൽ ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. ഓട്ടോണമസ് പദവി നഷ്ടപ്പെട്ടതിന് പിന്നാലെ മഹാരാജാസ് കോളേജിന്റെ അഫിലിയേഷൻഎം ജി സർവകലാശാല നേരിട്ട് ഏറ്റെടുക്കണമെന്നും പദവി നഷ്ടപ്പെടുത്തിയ കോളേജ് അധികൃതർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

കോളേജ് അധികൃതർ യഥാസമയം യുജിസിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം കളവായിരുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി വ്യക്തമാക്കുന്നു. വിവരാവകാശ രേഖകൾ പ്രകാരം ഇക്കാര്യം വ്യക്തമാണ്. 2020 മാർച്ച് മുതൽ കോളേജ് പ്രവർത്തിക്കുന്നത് യുജിസി യുടെ അംഗീകാരമില്ലാതെയാണ്. ഇത് പരിശോധിക്കാതെ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എംജി യൂണിവേഴ്സിറ്റി നൽകിയ ബിരുദങ്ങൾ അസാധുവാകും.

2020 മാർച്ചിന് ശേഷമുള്ള വിദ്യാർഥി പ്രവേശനം, ക്ലാസ്സ്‌ കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുഃനപരിശോധിക്കണമെന്നും പ്രിൻസിപ്പലിന്റെ ശുപാർശ പ്രകാരം ബിരുദങ്ങൾ നൽകുന്നത് യൂണിവേഴ്സിറ്റി തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *