Your Image Description Your Image Description

തിരുവനന്തപുരം: കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13 ന് നടക്കുമെന്ന് ഇന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ. കോണ്‍ഗ്രസ് ഏകദേശം ധാരണകൾ ആയിട്ടുണ്ട്. ഇനി ഔദ്യോഗികമായുള്ള പ്രഖ്യാപനം മാത്രമാണുള്ളത്.

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടിൽ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉടനുണ്ടാകും.

സിപിഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയിൽ യുആര്‍ പ്രദീപ് മത്സരത്തിനിറങ്ങാനാണ് സാധ്യത. പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റുള്ളവരെയും സിപിഎം പരിഗണിക്കുന്നുണ്ട്. വയനാട്ടിൽ സിപിഐ സ്ഥാനാര്‍ത്ഥിയായി ആര് വരുമെന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്.മൂന്നു മണ്ഡലത്തിലും മൂന്നു വീതം പേരുകളാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയിട്ടുള്ളതെന്നും വിജയ സാധ്യത കൂടുതലുള്ളവര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട് ബിജെപിയുടെ സാധ്യത പട്ടികയിൽ സി കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രൻ എന്നിവരുണ്ട്,. വയനാട്ടിൽ എം ടി രമേശ്, ശോഭ സുരേന്ദ്രൻ, എപി അബ്ദുള്ളക്കുട്ടി എന്നിവരെയും ചേലക്കരയിൽ പ്രൊഫ. ടി എൻ സരസുവും പരിഗണനയിലുണ്ട്. അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നാണ് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *