Your Image Description Your Image Description

ഡൽഹി: കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന ലക്ഷ്യം വച്ച് കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചത് ബിഎസ്എന്‍എല്‍ ആയിരിക്കും. 105 ദിവസം വാലിഡിറ്റിയുള്ള പുതിയ റീച്ചാര്‍ജ് പ്ലാനാണ് ഇപ്പോൾ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശേഷം ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്ന ഏറ്റവും ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണിത്.

ദിവസം രണ്ട് ജിബി ഡാറ്റ എന്ന കണക്കിലുള്ള ഈ പ്ലാനിന് 666 രൂപയാണാവുക. ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ കോള്‍ 105 ദിവസവും ഇതിലൂടെ സാധ്യമാകും. ഇതിന് പുറമെ ദിവസം 100 വീതം സൗജന്യ എസ്എംഎസുകളും ബിഎസ്എന്‍എല്‍ നല്‍കുന്നു. ആകെ വാലിഡിറ്റി കാലയളവില്‍ 210 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ദിവസവും 2 ജിബി അതിവേഗ ഡാറ്റ ഇങ്ങനെ ഉപയോഗിക്കാം. ഈ നിരക്കില്‍ ഇത്രയേറെ ദിവസത്തെ വാലിഡിറ്റിയില്‍ ഇത്രയധികം ആനുകൂല്യങ്ങളുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ മറ്റ് കമ്പനികളൊന്നും നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

അതേസമയം ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം പുരോഗമിക്കുകയാണ്. ഇതിനകം 35,000 4ജി ടവറുകള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനിക്കായതായാണ് റിപ്പോര്‍ട്ട്. മികച്ച ഡാറ്റ പ്ലാനുകളും 4ജി വിന്യാസവും ബിഎസ്എന്‍എല്ലിനെ തിരിച്ചുവരവിന്‍റെ പാതയിലേക്കാണ് നയിക്കുന്നത് എന്നാണ് സൂചന. സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ മാസം മാത്രം 29 ലക്ഷം പുതിയ ഉപഭോക്താക്കളെ ബിഎസ്എന്‍എല്ലിന് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *