Your Image Description Your Image Description

പത്തനംതിട്ട: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളില്‍ ഏറ്റവും അധികം നടക്കുന്ന പുല്ലുചെത്തലും കാടുവെട്ടും ഒഴിവാക്കി.പകരം മണ്ണ്, കൃഷി അനുബന്ധമേഖലകളെ പരിപോഷിപ്പിക്കുന്ന ഉത്പാദനക്ഷമമായ പ്രവൃത്തികള്‍ ചെയ്യണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ആവശ്യപ്പെട്ടു.

നിലം ഉഴല്‍, വിതയ്ക്കല്‍, കൊയ്ത്ത്, ഭൂമി നിരപ്പാക്കല്‍, തട്ടുതിരിക്കല്‍ എന്നിവയും അനുവദിക്കില്ല. പൊതുഭൂമിയിലും സ്വകാര്യഭൂമിയിലും ജലസേചനത്തിനുള്ള കുളങ്ങള്‍, കിണറുകള്‍, പൊതുകുളങ്ങളുടെ പുനരുദ്ധാരണം, ജലസേചന ചാലുകളുടെ നിര്‍മാണവും പുനരുദ്ധാരണവും, ഫലവൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കല്‍, നാളികേര കൃഷി വ്യാപിപ്പിക്കാനുള്ള ഭൂമി ഒരുക്കല്‍, കുഴികള്‍ തയ്യാറാക്കി തൈ നടീല്‍, രണ്ടുവര്‍ഷത്തേക്ക് പരിപാലനം എന്നിവ ചെയ്യാം.

ജൈവവേലി, കാര്‍ഷികോത്പന്ന സംഭരണകേന്ദ്രം, പശുവിന്‍കൂട്, ആട്ടിന്‍കൂട്, കോഴിക്കൂട്, പന്നിക്കൂട് എന്നിവ നിര്‍മിക്കാം. തീറ്റപ്പുല്‍ കൃഷി ചെയ്യാം. അസോള ടാങ്ക്, മത്സ്യകൃഷിക്കുള്ള കുളം എന്നിവയും നിര്‍മിക്കാം. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള കനാലുകളുടെ സംരക്ഷണ പ്രവൃത്തികള്‍ ജലസേചന വകുപ്പിന്റെ അനുമതി, സാങ്കേതിക സഹായം എന്നിവയ്ക്ക് വിധേയമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കാം.

ഇത്തരം പദ്ധതി ഏറ്റെടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ 2024-25 വാര്‍ഷിക മാസ്റ്റര്‍ സര്‍ക്കുലര്‍ പ്രകാരമുള്ള വ്യവസ്ഥകളും പാലിക്കണം. അങ്കണവാടികളുടെ നിര്‍മാണം തൊഴിലുറപ്പ് പദ്ധതി വഴി ഗ്രാമപ്പഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്നും അതിനൊപ്പം പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഇവിടം കേന്ദ്രീകരിച്ച് പോഷകത്തോട്ടങ്ങള്‍ നിര്‍മിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *