Your Image Description Your Image Description

ഭൂമിക്ക് വളരെ നിർണായകമായ ദിവസങ്ങളാണ് വരാനിരിക്കുന്നത്. വീണ്ടും സൗര കൊടുങ്കാറ്റ് ഭൂമിയിലേക്ക് എത്തുന്നുവെന്ന മുന്നറിയിപ്പുമായി നാസ. കഴിഞ്ഞ മെയ് മാസത്തിൽ ആണ് അവസാനം സൗരക്കാറ്റ് ഭൂമിയിൽ പതിച്ചത്. ശാസ്ത്രലോകം പറയുന്നത് ഇന്ത്യയിലും സോളാർ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ്. ഇത് ഇലക്ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.

വരാനിരിക്കുന്ന സോളാർ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഡയറക്ടർ ഡോ.അന്നപൂർണി സുബ്രഹ്മണ്യൻ പറഞ്ഞു. ശാസ്ത്രജ്ഞർ ഇത് നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഉപ​ഗ്രഹ ഓപ്പറേറ്റർമാരോട് നിർ‌ദേശിച്ചിട്ടുണ്ടെന്നും ഇസ്രോയിലെ വിദ​ഗ്ധർ അറിയിച്ചു.

സൗരക്കാറ്റ് ഭൂമിയിൽ പതിക്കാൻ കുറച്ച് ദിവസങ്ങൾ എടുക്കും. കാന്തികമണ്ഡലത്തിൽ എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ‌ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ.അന്നപൂർണി പറഞ്ഞു. സൂര്യ‌നിൽ നിന്ന് സൗരയൂഥത്തിലേക്ക് കണങ്ങളും കാന്തികക്ഷേത്രങ്ങളും മറ്റ് വസ്തുക്കളും പൊട്ടിത്തെറിച്ചുണ്ടാകുന്ന സ്ഫോടനത്തെയാണ് സൗരക്കാറ്റ് എന്ന് വിളിക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തിൽ ഭൂമിയിൽ പതിച്ച സൗരക്കാറ്റിന്റെ ഫലമായി വടക്കൻ അർദ്ധഗോളത്തിൽ ഉടനീളം അറോറ ഡിസ്പ്ലേകൾ സൃഷ്ടിച്ചിരുന്നു. സൗരകണങ്ങൾ ഭൂമിയുടെ അന്തരീക്ഷവുമായി ഇടപഴകുമ്പോൾ ഉണ്ടാകുന്ന പ്രകാശത്തെയാണ് അറോറ ഡിസ്പ്ലേ എന്നുവിളിക്കുന്നത്. സാധാരണയായി താഴ്ന്ന ധ്രുവപ്രദേശങ്ങളിൽ രാത്രിയിൽ മാത്രമേ ഇവ ദൃശ്യമാകൂ.

സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമിട്ടെത്തുമ്പോൾ ഭൂമിയുടെ കാന്തികമണ്ഡലത്തിൽ ജിയോമാഗ്നെറ്റിക് കൊടുങ്കാറ്റ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഇത് വൈദ്യുതിബന്ധം നിലയ്‌ക്കാനും ആശയവിനിമയ സംവിധാനങ്ങളെ തകരാറിലാക്കാനും കാരണമാകും. അറോറകളും ദൃശ്യമാകും. ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും സൗരക്കാറ്റിൽ നിന്ന് സംരക്ഷണം നൽകുന്നതിനാൽ തന്നെ ഇവ ഭൂമിയിലെ ജീവജാലങ്ങളെ നേരിട്ട് ബാധിക്കില്ലെന്നതും ശ്രദ്ധയേമാണ്.

Leave a Reply

Your email address will not be published. Required fields are marked *