ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ സർക്കാരിന് പങ്കില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. സംഗമത്തിന്റെ ചിലവ് സംബന്ധിച്ച കാര്യങ്ങളിൽ വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡാണെന്നും അതിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുറത്തുവന്ന ഈ വിവാദം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ വിവാദങ്ങൾക്കിടെയാണ് അയ്യപ്പ സംഗമത്തിലെ ക്രമക്കേടുകളും പുറത്തുവരുന്നത്. താമസസൗകര്യം മുതൽ ഭജന വരെ എല്ലാറ്റിലും തട്ടിപ്പ് നടന്നുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ബോർഡും സർക്കാരും സംയുക്തമായി നടത്തിയ പരിപാടിയായതിനാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിന് പ്രയാസകരമാകും.
എന്നാൽ, മുൻ ബോർഡ് പ്രസിഡന്റിനോടോ ഇപ്പോഴത്തെ പ്രസിഡന്റിനോടോ കണക്കുകൾ ചോദിക്കാമെന്നും ബോർഡ് കൈകാര്യം ചെയ്ത ഫണ്ടിന്റെ കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്. പ്രതിപക്ഷം ഈ വിഷയം വലിയ രീതിയിൽ രാഷ്ട്രീയ ആയുധമാക്കുന്ന പശ്ചാത്തലത്തിൽ വളരെ കരുതലോടെയാണ് സർക്കാർ നീങ്ങുന്നത്.
