കേരള സർവകലാശാലാ വൈസ് ചാൻസലറും എസ്എഫ്ഐയും തമ്മിലുള്ള പോരിൽ സർവകലാശാലാ യൂണിയന് അനുകൂലമായി ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. യൂണിയന്റെ കാലാവധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി വിസി നടപടികൾ മരവിപ്പിച്ചത് കോടതി റദ്ദാക്കി. യൂണിയന്റെ കാലാവധി പൂർത്തിയാകുന്നതുവരെ നിലവിലെ ഭരണസമിതിക്ക് തുടരാമെന്നും, സർവകലാശാല ഫണ്ട് അനുവദിച്ച രണ്ട് പ്രധാന പരിപാടികൾ നിശ്ചയിച്ചതുപോലെ നടത്താമെന്നും കോടതി ഉത്തരവിട്ടു.
കലോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ, യൂണിയന്റെ കാലാവധി അവസാനിച്ചുവെന്ന് വ്യക്തമാക്കി വിസി യൂണിയൻ നടപടികൾ അസാധുവാക്കിയിരുന്നു. പുതിയ തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിൽ നടന്നത് മുൻ വർഷത്തെ മുടങ്ങിയ കലോത്സവമാണെന്നും, വിസിയുടേത് രാഷ്ട്രീയ പ്രതികാര നടപടിയാണെന്നുമാണ് എസ്എഫ്ഐയുടെ വാദം.
വിസിക്കെതിരായ പ്രതിഷേധം സർവകലാശാലാ ആസ്ഥാനത്ത് പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുള്ള വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. യൂണിയൻ ചെയർമാനെ അറസ്റ്റ് ചെയ്തതോടെ സ്ഥിതിഗതികൾ വഷളാവുകയും ഗവർണ്ണർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ വിസിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീടിനു മുന്നിൽ എസ്എഫ്ഐ പോസ്റ്ററുകൾ ഒട്ടിച്ചു. വിസിയെ റദ്ദാക്കി കോടതി എന്നെഴുതിയ പോസ്റ്ററുകളുമായി പ്രവർത്തകർ പ്രതിഷേധം കടുപ്പിക്കുകയാണ്.
