സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികൾക്കെതിരെ അതീവ ജാഗ്രതാ നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നാറിൽ യുവി ഇൻഡക്സ് 8 രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ നിലവിൽ യെല്ലോ അലേർട്ട് തുടരുന്നു. കോന്നി, ചെങ്ങന്നൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 6 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സാധാരണഗതിയിൽ യുവി സൂചിക 0-5 വരെ സുരക്ഷിതമാണെങ്കിലും 6-ന് മുകളിലേക്ക് ഉയരുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. 6 മുതൽ 7 വരെ യെല്ലോ അലേർട്ടും, 8 മുതൽ 10 വരെ ഓറഞ്ച് അലേർട്ടും, 11-ന് മുകളിൽ റെഡ് അലേർട്ടുമാണ് കണക്കാക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, കാഴ്ചശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവയ്ക്ക് വഴിവെച്ചേക്കാം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.,
പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ ഈ സമയങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാൻ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കേണ്ടതാണ്. കനം കുറഞ്ഞതും ശരീരം മുഴുവൻ മറയുന്നതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാകും. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും ജലാശയങ്ങൾക്ക് സമീപവും യുവി രശ്മികളുടെ പ്രതിഫലനം കൂടുതലായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
