ബെംഗളൂരു: ഞായറാഴ്ച വൈകീട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടർ താഴെയിറക്കിയതിൽ വൻ സുരക്ഷാവീഴ്ച. നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്ന് മാറി മറ്റൊരിടത്ത് പൈലറ്റ് ഹെലികോപ്ടർ ലാൻഡ് ചെയ്യുകയായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമായി. ലിങ്കസുഗുറിലാണ് സംഭവം.
ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. റായ്ചുർ റോഡിൽ ശ്രീനിവാസ് ലേ ഔട്ടിൽ പ്രത്യേകം സജ്ജമാക്കിയ ഹെലിപ്പാഡിലായിരുന്നു സിദ്ധരാമയ്യയുടെ ഹെലികോപ്ടർ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, പൈലറ്റ് ഹെലികോപ്ടർ ഇറക്കിയത് കലബുറഗി റോഡിലെ ഹെലിപ്പാഡിലായിരുന്നു.
സിദ്ധരാമയ്യയുടെ ഹെലികോപ്ടർ ശ്രീനിവാസ് ലേ ഔട്ടിൽ ഇറക്കുന്നതും കാത്ത് ഉന്നതോദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, അവിടേക്ക് വന്നിറങ്ങിയത് പൊതുമരാമത്ത് വകുപ്പുമന്ത്രി സതീഷ് ജർക്കിഹോളി ആയിരുന്നു. സ്ഥലംമാറി ഇറങ്ങിയിടത്ത് മുഖ്യമന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നത് രണ്ട് പോലീസ് സബ് ഇൻസ്പെക്ടർമാർ മാത്രം. മുഖ്യമന്ത്രിയിറങ്ങിയത് വേറെ സ്ഥലത്താണെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥരും സംഘവും അവിടേക്ക് പാഞ്ഞു. എന്നാൽ, അപ്പോഴേക്കും സിദ്ധരാമയ്യ സ്ഥലത്തുനിന്ന് പോയിക്കഴിഞ്ഞിരുന്നു. സംഭവത്തിലെ സുരക്ഷാ വീഴ്ച വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
