കൊച്ചി, 22 ജനുവരി 2026: ഇന്ത്യയിലെ ഏറ്റവും പ്രമുഖ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസിന്റെ അസോസിയേറ്റ് സ്പോൺസറായും ഔദ്യോഗിക ആഗോള എയർലൈൻ പങ്കാളിയായും മലേഷ്യ എയർലൈൻസ് കരാറൊപ്പിട്ടു. ആഗോളതലത്തിൽ ബ്രാൻഡ് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം ദൃഢമാക്കുന്നതിനുമുള്ള എയർലൈൻസിന്റെ തന്ത്രപരമായ നീക്കമാണിത്. ഈ സുപ്രധാന പങ്കാളിത്തത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, മുംബൈ ജിയോ വേൾഡ് ഗാർഡനിൽ നൂറ് ‘വൌ ബുലൻ’ പട്ടങ്ങൾ പറത്തി മകരസംക്രാന്തി ആഘോഷിച്ചു. മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേല ജയവർധനെ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിലെ 10 പ്രധാന നഗരങ്ങളിൽ നിന്നായി ആഴ്ചയിൽ 80 സർവീസുകൾ നടത്തുന്ന മലേഷ്യ എയർലൈൻസ്, ഈ കൂട്ടുകെട്ടിലൂടെ മുംബൈ ഇന്ത്യൻസിന്റെ 55 ദശലക്ഷത്തിലധികം വരുന്ന ആരാധകരിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്. ഈ സഹകരണത്തിന്റെ ഭാഗമായി ആരാധകർക്കായി പ്രത്യേക ഫാൻ എൻഗേജ്മെന്റുകൾ, കോ-ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, സവിശേഷമായ വിമാനയാത്ര അനുഭവങ്ങൾ എന്നിവ ഒരുക്കും. കൂടാതെ, അന്താരാഷ്ട്ര യാത്രക്കാർക്ക് അധിക നിരക്കില്ലാതെ മലേഷ്യയിലെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാവുന്ന ‘ബോണസ് സൈഡ് ട്രിപ്പ്’ (BST) പദ്ധതിയും എയർലൈൻ പ്രോത്സാഹിപ്പിക്കും.
ഈ പങ്കാളിത്തം കേവലമൊരു വാണിജ്യ നിക്ഷേപം മാത്രമല്ലെന്നും, രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ടൂറിസത്തെയും വ്യാപാരത്തെയും ഉത്തേജിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണെന്നും എം.എ.ജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ദാതുക് ക്യാപ്റ്റൻ ഇസ്ഹാം ഇസ്മായിൽ പറഞ്ഞു. ഏഷ്യയിലേക്കുള്ള പ്രധാന കവാടം എന്ന നിലയിൽ മലേഷ്യയുടെ സ്ഥാനം ഉറപ്പിക്കാൻ ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി www.malaysiaairlines.com സന്ദർശിക്കാവുന്നതാണ്.
