Your Image Description Your Image Description

ക്വാണ്ടം മേഖലയിലെ മുന്നേറ്റത്തിനായി ബെംഗളൂരുവിൽ 6.17 ഏക്കറിൽ ക്വാണ്ടം സിറ്റി വരുന്നു. സാങ്കേതിക വിദ്യയിൽ മുന്നേറ്റം ലക്ഷ്യമിട്ടാണിത്. ബെംഗളൂരുവിലെ ഹെസറഘട്ടയിൽ 6.17 ഏക്കർ സ്ഥലത്ത് ക്വാണ്ടം സിറ്റി സ്ഥാപിക്കാനാണ് പദ്ധതി. ഇതിനുള്ള സ്ഥലം സംസ്ഥാന സർക്കാർ അനുവദിച്ചു. ക്വാണ്ടം ഗവേഷണത്തിലും ഇനവേഷനിലും കർണാടകയെ ആഗോള ഹബ് ആക്കി മാറ്റുന്നതിനുള്ള അടിത്തറയാണിതെന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പു മന്ത്രി എൻ.എസ്. ബോസ് രാജു വ്യക്തമാക്കി.

അതേസമയം ക്വാണ്ടം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ മേഖലയിൽ 2035-ഓടെ രണ്ടായിരം കോടി ഡോളറിന്റെ ബിസിനസ് കൈവരിക്കുകയാണ് ലക്ഷ്യം. കൂടാതെ നേരിട്ടുള്ള രണ്ട് ലക്ഷം തൊഴിലവസരങ്ങളും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. ആഗോള ക്വാണ്ടം വിപണിയുടെ 20 ശതമാനം വിഹിതം നേടാനാകുമെന്നാണ് പ്രതീക്ഷ. അത്യാധുനിക ലബോറട്രികൾ, ക്വാണ്ടം ഹാർഡ്‌വെയറുകൾക്കും പ്രോസസറുകൾക്കുമുള്ള പ്രൊഡക്ഷൻ ക്ലസ്റ്ററുകൾ, ക്വാണ്ടം എച്ച്പിസി ഡേറ്റാ സെന്റർ, ക്വാണ്ടം അധിഷ്ഠിതമായുള്ള സ്റ്റാർട്ടപ്പുകളുടെ ഇൻകുബേഷൻ കേന്ദ്രം, വ്യവസായ-അക്കാദമിക സഹകരണ പ്രവർത്തനം എന്നിവയാണ് ക്വാണ്ടം സിറ്റിയിൽ ഉൾപ്പെടുക. ഇതുവഴി ക്വാണ്ടം മേഖലയിലെ ആഗോള നിക്ഷേപങ്ങൾ ഇവിടേക്ക് ആകർഷിക്കാനാകും.

സംസ്ഥാന സർക്കാർ കഴിഞ്ഞമാസം ബെംഗളൂരുവിൽ ‘ക്വാണ്ടം ഇന്ത്യ ബെംഗളൂരു’ എന്ന പേരിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതിലെ പ്രഖ്യാപനമാണ് ക്വാണ്ടം സിറ്റിയെന്ന് മന്ത്രി വ്യക്തമാക്കി. ഒരുമാസത്തിനുള്ളിൽ ഇതിന് സ്ഥലം കണ്ടെത്താൻ സർക്കാരിനായി. ഇതുകൂടാതെ, ബെംഗളൂരുവിലെ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിന് എട്ടേക്കർ സ്ഥലവും അനുവദിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.

Related Posts