Your Image Description Your Image Description

കേരളത്തിലെ പ്രമുഖ ടെക് സംരംഭകനും കോടീശ്വരനുമായ വേണു ഗോപാലകൃഷ്ണൻ തൻ്റെ പുത്തൻ ലംബോർഗിനി ഉറൂസ് പെർഫോമന്റിന് സ്വന്തമാക്കിയത് കേട്ടാൽ ഞെട്ടും! “KL 07 DG 0007” എന്ന ഈ അത്യാഡംബര കാറിൻ്റെ നമ്പർ പ്ലേറ്റിനായി അദ്ദേഹം ചെലവഴിച്ചത് 45.99 ലക്ഷം രൂപയാണ്. ഒരു കാർ രജിസ്ട്രേഷൻ നമ്പറിന് ഇത്രയധികം തുക മുടക്കുന്ന ആദ്യത്തെ കേരളീയൻ എന്ന റെക്കോർഡും ഇദ്ദേഹം സ്വന്തമാക്കി.

ഏപ്രിൽ 7 ന് കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓൺലൈൻ ലേലത്തിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. കൊച്ചി ആസ്ഥാനമായുള്ള ഐടി കമ്പനിയായ ലിറ്റ്മസ്7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്ഥാപകനും സിഇഒയുമായ വേണു ഗോപാലകൃഷ്ണൻ വാഹന പ്രേമികളുടെ ഇഷ്ട നമ്പറായ ‘0007’ സ്വന്തമാക്കുകയായിരുന്നു. വെറും 25,000 രൂപയിൽ തുടങ്ങിയ ലേലം നിമിഷ നേരം കൊണ്ടാണ് ലക്ഷങ്ങൾ കടന്ന് റെക്കോർഡ് തുകയിൽ അവസാനിച്ചത്.

ജെയിംസ് ബോണ്ട് സിനിമകളിലെ ‘007’ എന്ന കോഡ് ഓർമ്മിപ്പിക്കുന്ന ഈ നമ്പർ, വേണു ഗോപാലകൃഷ്ണൻ്റെ പുതിയ വാഹനത്തിന് ഒരു പ്രത്യേക ആകർഷണം നൽകുന്നു. ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന ലൈം ഗ്രീൻ നിറത്തിലുള്ള ഈ ലംബോർഗിനി ഉറൂസ് പെർഫോമന്റ് കേരളത്തിലെ ആദ്യത്തെ വാഹനമാണ്. തൻ്റെ പുതിയ സന്തോഷം പങ്കുവെച്ച് കൊണ്ട് വേണു ഗോപാലകൃഷ്ണൻ ഇതിൻ്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആഡംബര വാഹനങ്ങളോടുള്ള അദ്ദേഹത്തിൻ്റെ ഇഷ്ടം പുതിയ കാര്യമല്ല. ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോ, ബിഎംഡബ്ല്യു M1000 XR ബൈക്ക് എന്നിവയും അദ്ദേഹത്തിൻ്റെ വാഹന ശേഖരത്തിലെ വിലപിടിപ്പുള്ള അംഗങ്ങളാണ്. ഇഷ്ടമുള്ള നമ്പർ പ്ലേറ്റുകൾക്കായി ലക്ഷങ്ങൾ മുടക്കുന്നത് ഒരു ട്രെൻഡായി മാറുമ്പോൾ, ഇത് പലപ്പോഴും വ്യക്തികളുടെ സാമൂഹികപദവിയുടെ അടയാളം കൂടിയായി കണക്കാക്കപ്പെടുന്നു. ചിലർക്ക് ഇതൊരു ആഡംബരമാണെങ്കിലും, മറ്റു ചിലർക്ക് ഇത് അവരുടെ വ്യക്തിപരമായ ഇഷ്ടങ്ങളുടെയും ഓർമ്മകളുടെയും പ്രതീകം കൂടിയാണ്. എന്തായാലും, വേണു ഗോപാലകൃഷ്ണൻ്റെ ഈ ആഢംബര നമ്പർ പ്ലേറ്റ് വാങ്ങൽ കേരളത്തിലെ വാഹന ലോകത്ത് പുതിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts