Your Image Description Your Image Description

 

മികച്ച തൊഴിൽ വിഭവ ശേഷിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള കേരളം യൂറോപ്യൻ യൂണിയനുമായി കൂടുതൽ വാണിജ്യ ബന്ധങ്ങൾക്ക് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള-ഇയു കോൺക്ലേവ് സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ ഏറ്റവും ആകർഷകമായ തീരദേശ കേന്ദ്രങ്ങളിലൊന്നായ കോവളത്ത് പരിപാടി നടക്കുന്നതിൽ അതിയായ അഭിമാനവും സന്തോഷവും ഉണ്ട്. ഈ കോൺക്ലേവ് നമ്മുടെ കലണ്ടറിലെ ഒരു സംഭവം മാത്രമല്ല, ഭൂഖണ്ഡങ്ങളിലുടനീളം സഹകരണത്തിന്റെയും,നവീകരണത്തിന്റെയും, സുസ്ഥിരതയുടെയും ലക്ഷ്യങ്ങളിലേക്കുള്ള നമ്മുടെ കൂട്ടായ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ കോൺക്ലേവ്. സമൃദ്ധി, സുസ്ഥിരത, മനുഷ്യ പുരോഗതി എന്നിവയ്ക്കായുള്ള ശ്രമങ്ങളാണ് യൂറോപ്യൻ യൂണിയനുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനം.

 

കേരളത്തിന്റെ വികസന കഥ അതുല്യമാണ്. പതിറ്റാണ്ടുകളായി, പരിമിതമായ സാമ്പത്തിക വിഭവങ്ങളും അസാധാരണമായ മാനുഷിക വികസന നേട്ടങ്ങളും സംയോജിപ്പിച്ചതിന്, ഇന്ത്യയ്ക്കുള്ളിലും അതിനപ്പുറത്തും കേരളം ഒരു മാതൃകയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

 

സാർവത്രിക സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരളമാണ്. ഇന്ന് നമ്മുടെ സാക്ഷരതാ നിരക്ക് തൊണ്ണൂറ്റി ആറ് ശതമാനത്തിലധികമാണ്, വിദ്യാഭ്യാസം നമ്മുടെ ഏറ്റവും ശക്തമായ അടിത്തറയായി തുടരുന്നു. സർവകലാശാലകളും മികവിന്റെ കേന്ദ്രങ്ങളും നിർമ്മിക്കുകയും ഡിജിറ്റൽ പഠനം സാർവത്രികമാക്കുകയും ചെയ്തു. നമ്മുടെ യുവാക്കൾ അക്കാദമിക് പരിജ്ഞാനം കൊണ്ട് മാത്രമല്ല, ആഗോള കാഴ്ചപ്പാടുകളാലും സജ്ജരാണ്. അറിവ് നയിക്കുന്ന സമൂഹത്തിന് അനുയോജ്യമായ ഒരു കേന്ദ്രമായി സംസ്ഥാനം മാറി.

ആരോഗ്യ സംരക്ഷണം അവകാശമാണെന്ന് കേരളം എപ്പോഴും വിശ്വസിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ നമ്മുടെ നഗരങ്ങളിലെ വികസിത മെഡിക്കൽ സ്ഥാപനങ്ങൾ വരെയുള്ള സ്ഥാപനങ്ങൾ ക്ഷമതയും തുല്യതയും നൽകുന്നവയാണ്.

നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിലും കോവിഡ്-19 പ്രതിരോധത്തിലും കേരളം മാതൃകാപരമായി ലോക ശ്രദ്ധയാകർഷിച്ചു. നമ്മുടെ ആയുർദൈർഘ്യവും ശിശുമരണനിരക്കും ഇന്ത്യയിലെ ഏറ്റവും മികച്ചവയാണ്, കൂടാതെ രോഗ പ്രതിരോധം,പരിചരണം, ഡിജിറ്റൽ ആരോഗ്യം, ഗവേഷണം എന്നിവയിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നു.

സ്ത്രീകളുടെ ശാക്തീകരണം, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ക്ഷേമം, വികേന്ദ്രീകൃത ഭരണത്തിന്റെ ശക്തി എന്നിവയാണ് കേരളത്തിന്റെ വികസന മാതൃകയുടെ സവിശേഷത. കേരളത്തിലെ ജനകീയാസൂത്രണ കാമ്പയിൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സമൂഹങ്ങളെയും ഭരണത്തിൽ സജീവമായി പങ്കെടുക്കാൻ പ്രാപ്തരാക്കി. വികസനം ജനങ്ങളുടെ ആവശ്യങ്ങളിലും അഭിലാഷങ്ങളിലും വേരൂന്നിയതാണെന്ന് ഉറപ്പാക്കി. വികസന ചർച്ചകളിൽ കേരളത്തിന് ഒരു വ്യതിരിക്തമായ സ്ഥാനം നൽകിയത് ഈ പങ്കാളിത്ത സമീപനമാണ്.

അതേസമയം, സാമൂഹിക വികസനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനപ്പുറം കേരളം അതിന്റെ സാമ്പത്തിക ഭൂപ്രകൃതിയെ സ്ഥിരമായി പരിവർത്തനം ചെയ്യുകയാണ്. സാമൂഹിക പുരോഗതിക്കൊപ്പം, നിക്ഷേപക സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

നൂറ്റാണ്ടുകളായി, നമ്മുടെ സംസ്‌കാരത്തെയും സമ്പദ്‌വ്യവസ്ഥയെയും സമ്പന്നമാക്കിയ യൂറോപ്പിൽ നിന്നുള്ള വ്യാപാരികളെയും സഞ്ചാരികളെയും ചിന്തകരെയും കേരള തീരങ്ങൾ സ്വാഗതം ചെയ്തു. നിഷ്‌ക്രിയ സ്വീകർത്താക്കളായിട്ടല്ല, മറിച്ച് സുസ്ഥിരമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ സജീവ പങ്കാളികളായി മാറുകയാണ് ഇന്നത്തെ ലക്ഷ്യം.

 

ഭാവിയിലേക്ക് നോക്കുമ്പോൾ, സാമൂഹിക പുരോഗതിയും സാമ്പത്തിക അവസരങ്ങളും പരസ്പരം കൈകോർക്കുന്ന കേന്ദ്രമായി കേരളം മാറി. ആധുനിക ഹൈവേകൾ, സിൽവർ ലൈൻ പദ്ധതി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വിശ്വസനീയമായ ഊർജ്ജം, വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി, സമൃദ്ധമായ പ്രകൃതി ആസ്തികൾ എന്നിവയാൽ, നമ്മുടെ സംസ്ഥാനം സ്ഥിരതയുള്ളതും നിക്ഷേപകർക്ക് അനുയോജ്യമായതുമായ ഒരു അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. പങ്കിട്ട വളർച്ചയുടെയും സുസ്ഥിരതയുടെയും ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരാൻ യൂറോപ്പിൽ നിന്നും അതിനപ്പുറത്തുമുള്ള ഞങ്ങളുടെ പങ്കാളികളെ ഞങ്ങൾ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു. ഇവിടെ നടക്കുന്ന ചർച്ചകളെ പ്രവർത്തനമായും, സഹകരണത്തെ ഫലങ്ങളായും ദർശനത്തെ യാഥാർത്ഥ്യമായും നമുക്ക് ഒരുമിച്ച് മാറ്റാം. സമുദ്രങ്ങളിലുടനീളമുള്ള പങ്കാളിത്തങ്ങൾക്ക് എങ്ങനെ കൂടുതൽ തിളക്കമുള്ളതും സുസ്ഥിരവുമായ ഒരു നാളെ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് നമുക്ക് ഒരുമിച്ച് ലോകത്തെ കാണിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതമാശംസിച്ചു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് ജി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ, യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ, മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ജെ ചിഞ്ചുറാണി, വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, എം എ യൂസഫലി, യുറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, എന്നിവർ സംബന്ധിച്ചു.

Related Posts