Your Image Description Your Image Description

ന്യൂഡൽഹി: മുതിർന്ന ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 25 വർഷത്തിലേറെ നീണ്ടുനിന്ന കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. 22 ടെസ്റ്റുകളിലും, 36 ഏകദിനങ്ങളിലും, 10 ടി20 മത്സരങ്ങളിലും, മിശ്ര ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. വിരമിക്കാനുള്ള തീരുമാനത്തിന് പിന്നിൽ തുടർച്ചയായ പരിക്കുകളും യുവ താരങ്ങൾക്ക് അവസരം നൽകണമെന്ന ആഗ്രഹവുമാണെന്ന് മിശ്ര വ്യക്തമാക്കി.

‘ക്രിക്കറ്റിലെ എന്റെ ജീവിതത്തിലെ ഈ 25 വര്‍ഷങ്ങള്‍ അവിസ്മരണീയമായിരുന്നു. ബിസിസിഐ, ഭരണസമിതി, ഹരിയാണ ക്രിക്കറ്റ് അസോസിയേഷന്‍, സപ്പോര്‍ട്ട് സ്റ്റാഫ്, എന്റെ സഹപ്രവര്‍ത്തകര്‍, കൂടാതെ ഇക്കാലമത്രയും എന്റെ കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. ഞാന്‍ എവിടെ കളിക്കുമ്പോഴും എപ്പോള്‍ കളിക്കുമ്പോഴും സ്‌നേഹവും പിന്തുണയും നല്‍കി ഈ യാത്രയെ അവിസ്മരണീയമാക്കിയ ആരാധകര്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റ് എനിക്ക് എണ്ണമറ്റ ഓര്‍മ്മകളും വിലമതിക്കാനാവാത്ത പാഠങ്ങളും നല്‍കിയിട്ടുണ്ട്, കളിക്കളത്തിലെ ഓരോ നിമിഷവും ജീവിതകാലം മുഴുവന്‍ ഞാന്‍ നിധിപോലെ സൂക്ഷിക്കുന്ന ഓര്‍മ്മകളാണ്’ വിരമിക്കൽ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

2003-ൽ ബംഗ്ലാദേശിൽ നടന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിലാണ് മിശ്ര അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. 2008-ൽ ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ നടന്ന ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച് ശ്രദ്ധേയമായ തുടക്കം കുറിച്ചു. 2013-ൽ സിംബാബ്വെയ്ക്കെതിരായ പരമ്പരയിൽ 18 വിക്കറ്റുകൾ വീഴ്ത്തി ജവഗൽ ശ്രീനാഥിന്റെ ലോക റെക്കോർഡിനൊപ്പം മിശ്ര എത്തിയിരുന്നു. 2014-ലെ ടി20 ലോകകപ്പിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനക്കായി മികവ് തെളിയിച്ച മിശ്ര, ഐപിഎല്ലിലും വലിയ നേട്ടങ്ങൾ കൈവരിച്ചു. 162 മത്സരങ്ങളില്‍ നിന്ന് 23.82 ശരാശരിയിലും 7.37 ഇക്കോണമി റേറ്റിലും 174 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഐപിഎൽ ചരിത്രത്തിൽ മൂന്ന് ഹാട്രിക്കുകൾ നേടിയ ഏക ബൗളർ എന്ന റെക്കോർഡും അദ്ദേഹത്തിന്റേതാണ്.

ഭാവിയിൽ പരിശീലകനായും കമന്റേറ്ററായും യുവ താരങ്ങൾക്ക് മാർഗനിർദ്ദേശം നൽകിയും ക്രിക്കറ്റിൽ സജീവമായി തുടരുമെന്ന് മിശ്ര വ്യക്തമാക്കി. കൂടാതെ, സോഷ്യൽ മീഡിയയിലും യൂട്യൂബിലൂടെയും ആരാധകരുമായി സംവദിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്.

 

 

Related Posts