Your Image Description Your Image Description

ഡൽഹി: സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 215 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ജാക്വിലിൻ ഫെർണാണ്ടസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

നിലവിൽ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയെങ്കിലും, കേസിന്റെ അടുത്ത ഘട്ടങ്ങളിൽ കോടതിയെ സമീപിക്കാൻ ജാക്വിലിന് അനുമതി നൽകിയിട്ടുണ്ട്. സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചപ്പോൾ നടി ജാക്വിലിൻ ഫെർണാണ്ടസ് കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നെന്ന പ്രോസിക്യൂഷൻ വാദത്തോട്, ജസ്റ്റിസ് ദത്ത പ്രതികരിച്ചു.

ഈ ഘട്ടത്തിൽ ആരോപണങ്ങൾ മുഖവിലയ്‌ക്കെടുക്കേണ്ടി വരുമെന്നും, ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വിചാരണയ്ക്ക് മുൻപ് കുറ്റങ്ങൾ തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ഒരു സുഹൃത്ത് മറ്റൊരാൾക്ക് സമ്മാനം നൽകുകയും, പിന്നീട് അത് കുറ്റകൃത്യത്തിലൂടെ നേടിയതാണെന്ന് വ്യക്തമാവുകയും ചെയ്താൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുമെന്ന് ജസ്റ്റിസ് ദത്ത ചൂണ്ടിക്കാട്ടി. ഇത് അറിഞ്ഞുകൊണ്ട് സമ്മാനങ്ങൾ സ്വീകരിച്ച കേസ് അല്ലെന്നും, കോടതിക്ക് അതിന്റെ കീഴ്‌വഴക്കങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാക്വിലിന്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് വിചാരണയിലൂടെ മാത്രമേ നിര്‍ണ്ണയിക്കാന്‍ കഴിയൂവെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി, ജൂലായ് മൂന്നിന് സമാനമായ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് നടി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

Related Posts