Home » Blog » kerala Max » 19-കാരന് പുതുജീവനേകി കിംസ്ഹെൽത്ത്
12

തിരുവനന്തപുരം : ഗുരുതരമായ കരൾ രോഗത്തെ തുടർന്നു ശരീരത്തിലെ ഓക്സിജൻ നില അപകടകരമാകും വിധം കുറഞ്ഞ തിരുവനന്തപുരം സ്വദേശിയായ പത്തൊൻപത്കാരന്   പുതുജീവൻ നൽകി  കിംസ്ഹെൽത്തിലെ ഡോക്ടർമാർ. ഓക്സിജൻ നില ഏറെ താഴ്ന്നു നിന്ന, അത്യന്തം വെല്ലുവിളി നേരിട്ട ഘട്ടത്തിലാണ് ഡോക്ടർമാർ കരൾ മാറ്റിവച്ച് ജീവൻ സംരക്ഷിച്ചത്. രോഗിയുടെ ഓക്സിജൻ തോത് 24 ശതമാനം മാത്രമായിരുന്നു.

ഗുരുതരമായ കരൾ രോഗം ബാധിച്ചവരിൽ ഉണ്ടാകുന്ന സങ്കീർണ അവസ്ഥയാണ് സിവിയർ ഹെപറ്റോപൾമണറി സിൻഡ്രോം (എസ്എച്ച്പിഎസ്). ഈ അവസ്ഥയിൽ ശ്വാസകോശത്തിലെ രക്തക്കുഴലുകൾ അസാധാരണമായി വികസിക്കുകയും, ശരീരത്തിലേക്ക് ഓക്സിജൻ എത്തുന്നത് തടസ്സപ്പെട്ട് രക്തത്തിലെ ഓക്സിജന്റെ അളവ് വേഗത്തിൽ കുറയുകയും ചെയ്യും. സാധാരണയായി ഇത്തരം രോഗികളിൽ ശസ്ത്രക്രിയ നടത്തുന്നത് അതീവ ദുഷ്കരവും ജീവനു കടുത്ത ഭീഷണി ഉയർത്തുന്നതുമാണ്. ഇത്രയും കുറഞ്ഞ ഓക്സിജൻ നിലയുള്ള എച്ച്പിഎസ് ബാധിതനായ രോഗിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതായി നിലവിലുള്ള മെഡിക്കൽ രേഖകളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

ആരോഗ്യനില ഗുരുതരമായതോടെ രോഗിയ്ക്ക് 24 മണിക്കൂറും ഓക്സിജൻ സഹായം ആവശ്യമായി വന്നു. കിടക്കയിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുമ്പോൾ പോലും ഓക്സിജൻ സിലിണ്ടർ ചുമലിൽ വഹിക്കേണ്ട അവസ്ഥയിലായിരുന്നു രോഗി. ഈ ഘട്ടത്തിൽ ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമായി. ട്രാൻസ്‌പ്ലാന്റ് സർവീസസ് ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. ഷബീറലി ടി.യുവിന്റെയും ജിഐ, എച്ച്പിബി ആൻഡ് മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് സർവീസസ് ക്ലിനിക്കൽ ചെയറും ലീഡുമായ ഡോ. ഷിറാസ് അഹമ്മദ് റാത്തറിന്റെയും നേതൃത്വത്തിലുള്ള സംഘം 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കരൾ മാറ്റിവച്ചത്.

“ഗുരുതരമായ ഹെപ്പറ്റോപൾമണറി സിൻഡ്രോം ഉള്ള രോഗിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത് ശ്വാസകോശവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കൃത്യമായ ആസൂത്രണവും ശസ്ത്രക്രിയാ മികവും ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള മികച്ച പരിചരണം ആവശ്യമാണ്. അനസ്‌തേഷ്യ വിഭാഗം  കൺസൾട്ടന്റുമാരായ ഡോ. ഹാഷിർ എ., ഡോ. അഭിജിത്ത് ഉത്തമൻ, അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ. പ്രിജിത്ത് ആർ.എസ്, ഡോ. രചന സി. നായർ, പൾമണോളജി കൺസൾട്ടന്റ് ഡോ. അജയ് രവി എന്നിവരുടെയും നഴ്സിംഗ് സംഘത്തിന്റെയും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ കൂട്ടായ പ്രവർത്തനമാണ് ചികിത്സ വിജയകരമാക്കിയത്,” -ഡോ. ഷിറാസ് അഹമ്മദ് റാത്തർ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയുടെ ശ്വാസകോശ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയുണ്ടായി. തുടർന്ന് കൃത്രിമ ഓക്സിജൻ സഹായമില്ലാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കരളിന്റെ പ്രവർത്തനവും സാധാരണ നിലയിലേക്ക് വീണ്ടെടുത്തു.

ഹെപ്പറ്റോബിലിയറി, പാൻക്രിയാസ് ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി കൺസൾട്ടന്റ് ഡോ. വർഗീസ് എൽദോ, ഗ്യാസ്‌ട്രോഎൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരൻ, ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവ്, ഇമേജിംഗ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് കെ.എസ്. എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *